ഇളകി മറിഞ്ഞ് വേങ്ങര

Posted on: October 7, 2017 10:29 am | Last updated: October 7, 2017 at 10:29 am

വേങ്ങര: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ഗ്രാമങ്ങളെ ഇളക്കി മറിച്ച് പ്രചാരണം. എം എല്‍ എ മാര്‍ വരെ സ്‌ക്വാഡ് വര്‍ക്കുകളില്‍ സജീവം.
മന്ത്രിമാരും മുന്‍ മന്ത്രിമാരും എം പി മാരും കുടുംബ യോഗങ്ങളിലും കവല യോഗങ്ങളിലും സജീവം. ദേശീയ സംസ്ഥാന നേതാക്കള്‍ വിശ്രമമില്ലാതെ ഗോദയില്‍. യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദിര്‍ ഇന്നലെ ടൗണില്‍ വോട്ട് അഭ്യാര്‍ഥന നടത്തി. വൈകുന്നേരം വെട്ടുതോട് നെല്ലിപറമ്പില്‍ നിന്ന വേങ്ങര ബസ് സ്റ്റാന്‍ഡ് വരെ റോഡ് ഷോയിലും പങ്കെടുത്തു.
ഇന്നലെ വിവിധ ഭാഗങ്ങളില്‍ നടന്ന പൊതു യോഗങ്ങളിലും കുടുംബയോഗങ്ങളിലും ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലികുട്ടി എം പി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, പ്രൊഫ. ഖാദിര്‍ മൊയ്തീന്‍, എം ഉമ്മര്‍ എം എല്‍ എ, വി കെ ഇബ്‌റാഹീം കുഞ്ഞ് എം എല്‍ എ പങ്കെടുത്തു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ബശീര്‍ ഇന്നലെ ഊരകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യാടനം നത്തി. പറപ്പൂര്‍ പഞ്ചായത്ത് റാലി പാലാണിയിലും ഏ ആര്‍ നഗര്‍ പഞ്ചായത്ത് റാലി കുന്നുംപുറത്ത്, കണ്ണമംഗലം പഞ്ചായത്ത് റാലി അച്ചനമ്പലത്തും ഒതുക്കുങ്ങല്‍ പഞ്ചായത്ത് റാലി ഒതുക്കുങ്ങല്‍ അങ്ങാടിയിലും നടന്നു. വേങ്ങര പഞ്ചായത്ത് റാലി ഇന്ന് വൈകുന്നേരം അഞ്ചിന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.