Connect with us

International

പോലീസ് അതിക്രമം: കാറ്റാലന്‍ പ്രക്ഷോഭകരോട് ക്ഷമ ചോദിച്ച് സ്‌പെയിന്‍

Published

|

Last Updated

ബാഴ്‌സലോണ: കാറ്റലോണിയക്ക് സ്വാതന്ത്ര്യം കിട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കെ കാറ്റലന്‍ സമരക്കാരോട് ക്ഷമാപണം നടത്തി സ്‌പെയിന്‍. ഹിതപരിശോധന തടസ്സപ്പെടുത്താന്‍ പോലീസ് നടത്തിയ അടിച്ചമര്‍ത്തലില്‍ കാറ്റലോണിയയിലെ സ്‌പെയിന്‍ പ്രതിനിധി ഖേദം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാറ്റലന്‍ അധികൃതരും അനുവദിക്കില്ലെന്ന് സ്‌പെയിനും വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് നടപടിയിലെ ക്ഷമാപണം.

കാറ്റലോണിയന്‍ മേഖല സ്വാതന്ത്ര്യ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നതിനിടെ സ്പാനിഷ് സര്‍ക്കാര്‍ നയതന്ത്ര നീക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. കമ്പനികളുടെ ആസ്ഥാനം കാറ്റലോണിയയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ, സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാറ്റലന്‍ മന്ത്രി പാര്‍ലിമെന്റില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കും. ഹിത പരിശോധന മാനിച്ച് കാറ്റലോണിയക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് കാറ്റലന്‍ നേതാക്കളും ഹിത പരിശോധന അംഗീകരിക്കാനാകില്ലെന്ന് സ്പാനിഷ് സര്‍ക്കാറും വ്യക്തമാക്കിയിട്ടുണ്ട്.