എസ് ഐ ബൈക്കിന്റെ താക്കോല്‍ ഊരി പോയി; മന്ത്രിയുടെ മകനാണെന്നറിഞ്ഞപ്പോള്‍ വീട്ടിലേക്ക് എത്തിച്ചു

Posted on: October 7, 2017 12:08 am | Last updated: October 7, 2017 at 12:08 am

ചേര്‍ത്തല: മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് പോയ എസ് ഐക്ക് എതിരെ മന്ത്രി നേരിട്ട് ഡി ജി പിക്ക് പരാതി നല്‍കി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം. മന്ത്രി പി തിലോത്തമന്റെ മകന്‍ അര്‍ജുന്‍ കോളജില്‍ നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വരവേ റോഡ് കടക്കാന്‍ എതിര്‍ദിശയില്‍ നില്‍ക്കുകയായിരുന്നു. അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരോട് വരാന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നതിനാല്‍ അര്‍ജുന്‍ വന്നില്ല. ഇതില്‍ രോഷം പൂണ്ട എസ് ഐ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് വാഹനത്തിന്റെ രേഖകളുമായി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താക്കോല്‍ ഉണ്ടെങ്കിലേ ബൈക്കില്‍ നിന്ന് ഇവ എടുക്കുവാന്‍ കഴിയൂവെന്ന് പറഞ്ഞെങ്കിലും കേള്‍ക്കാതെ എസ് ഐ താക്കോലുമായി പോയത്രേ. പിന്നാലെ അര്‍ജുനിന്റെ സുഹൃത്ത് എസ് ഐയുടെ അടുത്ത് ചെന്ന് മന്ത്രിയുടെ മകനാണെന്ന് പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണ് പരാതി. ഇതേസമയം, തിരുവനന്തപുരത്തായിരുന്ന മന്ത്രി ഡി ജി പിയെ നേരിട്ട് കണ്ടാണ് പരാതി അറിയിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ചേര്‍ത്തല ഡിവൈ എസ് പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പോലീസുകാര്‍ താക്കോല്‍ അര്‍ജുനന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു. അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ എസ് ഐക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.