കുട്ടിമോഷ്ടാക്കള്‍ കവര്‍ന്നത് 26 പവന്‍

Posted on: October 7, 2017 12:04 am | Last updated: October 7, 2017 at 12:04 am

ചക്കരക്കല്‍: ആഢംബര ജീവിതം നയിക്കാന്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് മോഷ്ടിച്ചത് 26 പവന്‍ സ്വര്‍ണം. ഇതില്‍ 21 പവന്‍ അപഹരിച്ചത് സ്വന്തം വീട്ടില്‍ നിന്നും. സംഭവം പുറത്തറിയുന്നത് ഒരു വര്‍ഷത്തിന് ശേഷം. അഞ്ചരക്കണ്ടിക്കു സമീപത്തെ ശരാശരി സാമ്പത്തികശേഷി യുള്ള വീടുകളിലെ കുട്ടികളാണ് മൂവരും.

ഇതില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് 21 പവന്‍ അപഹരിച്ചത്. അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് പല ഘട്ടങ്ങളിലായി കൈക്കലാക്കിയത്.
കഴിഞ്ഞ ദിവസം മാതാവ് അലമാര നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. രഹസ്യ അന്വേഷണത്തിനിടെയാണ് മകനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. തുടര്‍ന്ന് മകനെയും കൂട്ടി പിതാവ് ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
എസ് ഐ യുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തതോടെയാണ് മറ്റു രണ്ട്‌പേരുടെ പങ്ക് കൂടി വ്യക്തമായത്. മറ്റൊരു വീട്ടില്‍ നിന്ന് അഞ്ച് പവന്‍ മോഷ്ടിച്ചതായും ഇവര്‍ പറഞ്ഞു.
തുടക്കത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതിനായിരുന്നു മോഷണം. പിന്നീട് കളി കാര്യമായി.

ഒരാള്‍ 1,80,000 രൂപയുടെ ബുള്ളറ്റ്, മറ്റൊരാള്‍ 65,000 രൂപയുടെ ബൈക്ക്, 45,000 രൂപയുടെ ക്യാമറ തുടങ്ങിയവ വാങ്ങി. രാത്രി 11നും 12നുമിടക്കാണ് വീട്ടിലെത്തുക. കണ്ണൂരില്‍ പോയി സെക്കന്റ് ഷോ സിനിമ കണ്ടു ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാണ് തിരിച്ചു വരിക. വീട്ടുകാര്‍ ഇത് ഗൗരവത്തില്‍ കണ്ടില്ലെന്ന് പോലീസ് പറഞ്ഞു.

ചാലോടിലെ ഒരു ജ്വല്ലറിയിലാണ് സ്വര്‍ണം കൈമാറിയത്. 16,000 മുതല്‍ 18,000 രൂപ വരെയാണ് ജ്വല്ലറിയില്‍ നിന്ന് ഒരു പവന് ലഭിച്ചത്.
ജ്വല്ലറി നടത്തിപ്പുകാരനും മൂന്ന് വീട്ടുകാരും ചേര്‍ന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയതിനെ തുടര്‍ന്ന് കേസ് എടുക്കാതെ പ്രശ്‌നം പരിഹരിച്ചു.