Connect with us

Sports

ബ്രസീലും സ്‌പെയിനും ഇറങ്ങുന്നു; കൊച്ചി ആവേശത്തില്‍

Published

|

Last Updated

കൊച്ചി: കാല്‍പ്പന്തു കളിയിലെ യുവതലമുറ ഇന്ന് കൊച്ചിയില്‍ ബൂട്ടുകെട്ടുന്നു. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ ബ്രസീലും യൂറോപ്യന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമായ സ്‌പെയിനും തമ്മില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് ഏറ്റുമുട്ടുന്നത്. ലോക ഫുട്‌ബോളിലെ വന്‍ശക്തികളുള്ള രണ്ട് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്‍ ടീമുകള്‍ തമ്മിലുള്ള മത്സരം കൊച്ചിയുടെ പുല്‍മൈതാനത്ത് തീപടര്‍ത്തുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും മികച്ച കൗമാര താരങ്ങള്‍ തന്നെ ടീമിലിടം കണ്ടെത്തിയിട്ടുള്ളതിനാല്‍ ഫുട്‌ബോള്‍ ലോകത്തിന്റെ തന്നെ ശ്രദ്ധയാണ് കൊച്ചിക്ക് കിട്ടുന്നത്.

അണ്ടര്‍ 17 ലോകകപ്പില്‍ കാല്‍പ്പന്തു കളിയാസ്വാദകര്‍ കാത്തിരിക്കുന്ന മത്സരമാണ് ബ്രസീല്‍- സ്‌പെയിന്‍ പോരാട്ടം. കൊച്ചിയില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുപോയത് ഈ മത്സരത്തിന്റെ ടിക്കറ്റാണ്.

യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് ബ്രസീല്‍ ഇന്ത്യയിലേക്കുള്ള വഴി എളുപ്പമാക്കിയത്. 24 ഗോളുകള്‍ കണ്ടെത്തിയ ബ്രസീല്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ടീമിനുവേണ്ടി ഏഴ് ഗോളുകള്‍ നേടിയ ലോക ഫുട്‌ബോളിലെ അത്ഭുത പ്രതിഭ വിനീഷ്യസ് ജൂനിയര്‍ ഇല്ലെങ്കിലും ടീമിനെ അത് ഒട്ടും ബാധിക്കില്ലെന്നാണ് കോച്ച് കാര്‍ലോസ് അമേഡുയുവിന്റെ പക്ഷം. പത്താം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കുന്ന മിഡ്ഫീല്‍ഡര്‍ അലന്‍, മാര്‍ക്കോസ് ആന്റോണിയോ എന്നിവരാണ് ബ്രസീല്‍ ടീമിന്റെ കുന്തമുനകള്‍.
മറുവശത്ത് എട്ട് കൗമാര ലോകകപ്പുകളില്‍ പന്തുതട്ടിയിട്ടും കിരീടം നേടാനാകാത്ത യൂേറാപ്യന്‍ ശക്തികളായ സ്‌പെയിന്‍ ഇത്തവണ മികച്ച ടീമിനെയാണ് ഇന്ത്യയിലേക്കയച്ചിരിക്കുന്നത്. ബാഴ്‌സലോണയുടെയും റയല്‍മാഡ്രിഡിന്റെയും യഥാക്രമം നാലും അഞ്ചും താരങ്ങളാണ് ഇത്തവണ സ്‌പെയിനിനുവേണ്ടി കളത്തിലിറങ്ങുക. ലാറ്റിനമേരിക്കയിലെ ഗോളടി മികവുമായി വരുന്ന ബ്രസീലിനെതിരെ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ സാന്റാ തീരുമാനിച്ചാല്‍ കൊച്ചിയില്‍ കൗമാര ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമാകും പിറക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

---- facebook comment plugin here -----

Latest