Connect with us

Articles

മിണ്ടാതിരിക്കുക; അല്ലെങ്കില്‍ ജേര്‍ണലിസ്റ്റ് ആകാതിരിക്കുക

Published

|

Last Updated

ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമ ശോഭന ഭാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറ്റേ ദിവസമാണ് പത്രത്തിന്റെ എഡിറ്ററായിരുന്ന ബോബി ഘോഷിനെ പുറത്താക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പുലര്‍ത്തിവരുന്ന കേന്ദ്രസര്‍ക്കാര്‍വിരുദ്ധ നിലപാടുകളിലുള്ള തങ്ങളുടെ അതൃപ്തി നേരത്തെ തന്നെ വിവിധ ബി ജെ പി മന്ത്രിമാര്‍ ശോഭന ഭാട്ടിയയെ അറിയിച്ചിരുന്നു. രാഷ്ട്രീയ വാര്‍ത്തകളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ബോബി ഘോഷിനെതിരെ നിരവധി ആരോപണങ്ങള്‍ ബി ജെ പി സൈബര്‍ സെല്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് എച്ച് ടി മാനേജ്‌മെന്റ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്. ബോബി ഘോഷ് ഇന്ത്യന്‍ പൗരത്വമില്ലാത്ത ആളാണെന്നും ദേശവിരുദ്ധവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ചാരനാണെന്നുമായിരുന്നു ബി ജെ പി കേന്ദ്ര ഇവന്റ് മാനേജ്‌മെന്റിലെ സോഷ്യല്‍ മീഡിയ വിഭാഗം നടത്തിയ പ്രചാരണം. നരേന്ദ്ര മോദിയുടെ വളര്‍ച്ചയില്‍ ലോകമാധ്യമങ്ങള്‍ മികച്ച പിന്തുണ നല്‍കുമ്പോഴാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലൂടെ ബോബി ഘോഷ് തടസ്സം നില്‍ക്കുന്നതെന്നും കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.

ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുറത്താക്കല്‍ രാഷ്ട്രീയം എളുപ്പം മനസ്സിലാകും. അന്താരാഷ്ട്ര മാധ്യമരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ബോബി ഘോഷ്. 2016-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഡിറ്ററാകുന്നതിന് മുമ്പ്, ടൈം മാഗസിന്റെ ഇന്റര്‍നാഷനല്‍ എഡിഷന്‍ പത്രാധിപരായിരുന്നു അദ്ദേഹം. ക്വാര്‍ട്‌സ് എന്ന അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട് ഘോഷ്.
തൊണ്ണൂറ് വര്‍ഷത്തെ പ്രസിദ്ധീകരണ പാരമ്പര്യമുള്ള ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഘോഷ് നടത്തിയ ഇടപെടല്‍ സ്വാഭാവികമായും വലതുപക്ഷരാഷ്ട്രീയത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റോറിയല്‍ കവറേജ് പല രാഷ്ട്രീയപ്രമുഖരുടെയും ഉറക്കം കെടുത്തി. ഹേറ്റ് ട്രാക്കര്‍ എന്ന പേരില്‍ ബോബി ഘോഷ് ആരംഭിച്ച അന്വേഷണാത്മക പരമ്പര വലതുപക്ഷ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു.

രാജ്യത്തുടനീളം വര്‍ഗീയത പ്രചരിപ്പിക്കുകയും പൗരന്മാരെ തമ്മിലടിപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്ന ബി ജെ പി-ആര്‍ എസ് എസ് ശ്രമങ്ങളെ കൃത്യമായി ചോദ്യം ചെയ്യുന്ന കോളമായിരുന്നു ഘോഷിന്റെ ഹേറ്റ് ട്രാക്കര്‍. ഒരുപക്ഷേ, ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ ഇത്രമേല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന മറ്റൊരു കോളം ഉണ്ടായിരുന്നില്ല. അത്തരം ധീരമായ നിലപാടുകളില്‍ ഉറച്ചുനിന്ന ഘോഷ് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ന്യൂയോര്‍ക്കിലേക്ക് തിരിക്കുകയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമ ഭാട്ടിയ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഘോഷിനെ പുറത്താക്കുന്നതിന് മുന്നോടിയായി ശോഭന ഭാട്ടിയ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നോ എന്ന് ദി വയര്‍ ന്യൂസ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റുകള്‍ പ്രധാനമന്ത്രി ഓഫീസില്‍ ഇമെയില്‍ വഴി അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു: “ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമ ശോഭന ഭാട്ടിയയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും ചില സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രധാനമായും ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് അവര്‍ വന്നത്.”
ന്യൂസ് പേപ്പര്‍ ഒരിക്കലും സമ്മര്‍ദത്തിലായിട്ടില്ലെന്നും അതനുസരിച്ചുള്ള ഒരു തീരുമാനവും മാനേജ്‌മെന്റ് എടുത്തിട്ടില്ലെന്നുമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വിവരണം. അതേസമയം, ബോബി ഘോഷിന്റെ പൗരത്വത്തെക്കുറിച്ചും എഡിറ്റോറിയല്‍ നിലപാടിനെക്കുറിച്ചും മോദി-ഭാട്ടിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിട്ടുണ്ടെന്ന് എച്ച് ടിയിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ ഘോഷിന്റെ നേതൃത്വത്തെ ചൊല്ലി പലപ്പോഴും പത്രയുടമയും പത്രാധിപരുമായ ശോഭന ഭാട്ടിയക്ക് ബി ജെ പി മന്ത്രിമാരില്‍ നിന്ന് പലപ്പോഴും പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കടുത്ത സമ്മര്‍ദം തുടരുന്നതിനിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയും പുറത്താക്കലുമെല്ലാം പൊടുന്നനെ നടക്കുന്നത്.

ഒരു ഇന്ത്യന്‍ പത്രത്തില്‍ ജോലി ചെയ്യാന്‍ ഇന്ത്യന്‍ പൗരത്വം നിര്‍ബന്ധമേയല്ല എന്ന വസ്തുത കൃത്യമായി അറിയുന്ന ആളാണ് ശോഭന ഭാട്ടിയ. എന്നിട്ടും പുറത്താക്കപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോബി ഘോഷ് ഇന്ത്യന്‍ അല്ല എന്ന കാരണം പ്രധാനമന്ത്രി ഉല്‍പ്പെടെയുള്ള ബി ജെ പി മന്ത്രിമാര്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്നത് അപ്പടി വിഴുങ്ങാന്‍ ശോഭന ഭാട്ടിയ എന്ന പത്രയുടമ നിര്‍ബന്ധിക്കപ്പെട്ടതിന്റെ രാഷ്ട്രീയമാണ് ഇന്ത്യന്‍ മാധ്യമസമൂഹം വലതുപക്ഷ രാഷ്ട്രീയത്തോട് എത്രമേല്‍ വിധേയപ്പെട്ടിരിക്കുന്നു എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. എല്ലാം പച്ചക്ക് പറയുന്ന ഭയാനകരമായ ഒരു രാഷ്ട്രീയ- മാധ്യമ സൗഹൃദമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരാളെ നിങ്ങളുടെ പത്രത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ പത്രം ഒരുപാട് കാലം വാഴില്ല എന്ന താക്കീതാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോബി ഘോഷിനെ പുറത്താക്കിയതിലൂടെ ബി ജെ പിയും സംഘ്പരിവാറും കൈമാറിയത്. അതും പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വെടിയേറ്റുവീണതിന്റെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ്.

2013-ല്‍ അന്ന് ദി ഹിന്ദു പത്രത്തിന്റെ എഡിറ്ററായിരുന്ന സിദ്ധാര്‍ത്ഥ് വരദരാജനെ (ഇപ്പോള്‍ ദി വയര്‍ എഡിറ്റര്‍) പുറത്താക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത് സിദ്ധാര്‍ത്ഥ് വരദരാജന് ഒരു യു എസ് പാസ്‌പോര്‍ട്ട് ഉണ്ട് എന്നതായിരുന്നു. ഹരജി തള്ളിപ്പോയെങ്കിലും ദി ഹിന്ദു പത്രാധിപസ്ഥാനത്ത് നിന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്ന വിദഗ്ധനായ ജേര്‍ണലിസ്റ്റിനെ നീക്കുന്നതില്‍ ബി ജെ പി പിന്നീട് വിജയിക്കുകയും ചെയ്തു.

ബോബി ഘോഷ് പടിയിറങ്ങിയ പിറ്റേന്ന് മുതല്‍ ജനകീയകോളമായ ഹേറ്റ് ട്രാക്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതൊരു വ്യക്തമായ സൂചനയാണ്. സമീപകാലത്ത് വിവിധ ദേശീയമാധ്യമങ്ങളിലുണ്ടായ ഇത്തരം മാറ്റങ്ങള്‍ ആപത്കരമായ ഉദാഹരണങ്ങള്‍ നിരത്തുമ്പോഴും ഫാസിസ്റ്റ് പ്രതിരോധം എങ്ങനെയായിരിക്കണമെന്ന ചര്‍ച്ചയിലാണ് പലരും. ദേശീയതയും പൗരത്വവും മാത്രമല്ല, ഇനിയുള്ള നാളുകളില്‍ പത്രപ്രവര്‍ത്തകരുടെ ജാതിയും മതവും നിറവും വസ്ത്രവുമെല്ലാം അവരുടെ നിലനില്‍പ്പിനെ ബാധിക്കും. ഒന്നുകില്‍ നിങ്ങള്‍ മിണ്ടാതിരിക്കുക; അല്ലെങ്കില്‍ ജേര്‍ണലിസ്റ്റ് ആകാതിരിക്കുക.