സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു

Posted on: October 5, 2017 9:06 pm | Last updated: October 5, 2017 at 11:17 pm

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഇന്നലെ ആഗ്രയില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനിലാണ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.

എസ് പി സ്ഥാപക നേതാവും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗ് യാദവ്, സഹോദരന്‍ ശിവ്പാല്‍ യാദവ് എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചില്ല. അഖിലേഷിന്റെ ഭാര്യയും എം പിയുമായ ഡിംപിള്‍ യാദവ് സമ്മേളനത്തിനെത്തി.

പുതിയ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളാണ് കണ്‍വെന്‍ഷനില്‍ ഉണ്ടായിട്ടുള്ളത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും അഖിലേഷിന്റെ നേതൃത്വത്തിലാകും എസ് പി നേരിടുക. 25 വര്‍ഷം മുമ്പ് പാര്‍ട്ടി രൂപവത്കരിച്ച മുലായം സിംഗ് യാദവിനെയും ശിവ്പാല്‍ യാദവിനെയും പൂര്‍ണമായും അപ്രസക്തരാക്കിക്കൊണ്ടുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് കണ്‍വെന്‍ഷന്‍ മുന്നോട്ടുവെച്ചത്.

ഈ വര്‍ഷം ജനുവരി ഒന്നിന് നടന്ന ദേശീയ കണ്‍വെന്‍ഷനിലാണ് പിതാവിനെ പാര്‍ട്ടിയുടെ ദേശീയ മേധാവി സ്ഥാനത്ത് നിന്ന് അഖിലേഷ് നീക്കിയത്. ശിവ്പാലുമായുള്ള രാഷ്ട്രീയ ബന്ധം പൂര്‍ണമായും അവസാനിക്കുകയാണെന്നും അതേസമയം, പിതാവിന്റെ അനുഗ്രഹം തനിക്കൊപ്പം ഉണ്ടാകണമെന്നും ഏതാനും ദിവസം മുമ്പ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

അതിനിടെ, ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കരുത്തുതെളിയിക്കാനുള്ള നിര്‍ണായക അവസരമായാണ് എസ് പി കാണുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പാര്‍ലിമെന്റ് അംഗത്വം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അതേസമയം, ഇരുവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കാതെ നിയമസഭാ കൗണ്‍സിലില്‍ നാമനിര്‍ദേശം ചെയ്യുകയാണ് ബി ജെ പി ചെയ്തത്.