യുഎഇയിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരന്‍ യൂസുഫലി

Posted on: October 5, 2017 10:02 pm | Last updated: October 5, 2017 at 10:02 pm

അബുദാബി: യു എ ഇ ലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരനായി മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ സ്ഥാപകനുമായ എം എ യൂസഫലിയെ തെരഞ്ഞെടുത്തു. അറേബ്യന്‍ ബിസിനസ് മാസിക തയാറാക്കിയ ശക്തരായ ഇന്ത്യക്കാരുടെ പട്ടികയിലാണ് യൂസുഫലി ആദ്യ സ്ഥാനത്ത് എത്തിയത്. കോടികളുടെ ആസ്തിയുള്ള വ്യവസായികളാണ് 50 പേരുടെ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്. യൂസുഫലിയുടെ ലുലു ഗ്രൂപ്പ് പശ് ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇതിനുപുറമേ ലോകത്ത് അദ്ദേഹം നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനം നേടിക്കൊടുത്തത്. യൂസഫലി തന്റെ കഠിനപ്രയത്നത്തിലൂടെയാണ് വിജയം നേടിയത്. അദ്ദേഹം വിജയത്തെ പണമാക്കി മാറ്റുകയും പണത്തെ ആവശ്യമുള്ളവരെ സഹായിക്കുന്ന ശക്തിയാക്കി മാറ്റിയെന്നും അറേബ്യന്‍ ബിസിനസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലെ ഇവരുടെ പ്രകടനം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്. ധൈര്യം, സംരംഭകത്വം, അധ്വാനശീലം എന്നിവയ്ക്ക് പുറമേ യുഎഇയെ പ്രധാന വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിനായി ഇവര്‍ സൃഷ്ടിച്ച പതിനായിരക്കണക്കിന് തൊഴിലുകളും പട്ടിക തയാറാക്കുമ്പോള്‍ പരിഗണിച്ചു.

ജിസിസിയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായ സുനില്‍ വാസ്വാനിയാണ് രണ്ടാം സ്ഥാനത്ത്. നിക്ഷേപം നടത്താന്‍ സ്ഥിരമായി ആഫ്രിക്കയെ തെരഞ്ഞെടുക്കുന്നതിനാലാണ് അദ്ദേഹത്തെ രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നെന്നും മേഖലയില്‍ അനന്തമായ സാധ്യതകള്‍ തുറന്നുകൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള കബീര്‍ മുല്‍ചന്ദാനിയാണ് മൂന്നാം സ്ഥാനത്ത്.

വിപിഎസ് ഹെത്‌കെയറിന്റെ മേധാവിയും മലയാളിയുമായ ഡോ. ഷംഷീര്‍ വയലിലാണ് നാലാം സ്ഥാനത്ത്.
റിസ്വാന്‍ സാജന്‍, അഷിഷ് മേത്ത, ഷാജി ഉല്‍മുല്‍ക്, യോഗേഷ് മേത്ത, തുമ്പായ് മൊയിദീന്‍, സുനില്‍ ജോണ്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയിരിക്കുന്നവര്‍. പട്ടികയില്‍ മലയാളികള്‍ക്ക് ശക്തമായ സാന്നിധ്യമാണുള്ളത്. പ്രശാന്ത് മാങ്ങാട്ട്, അദീബ് അഹ്മദ്, ഡോ. ആസാദ് മൂപ്പന്‍, ശാംലാല്‍ അഹ്മദ്, പ്രമോദ് മാങ്ങാട്ട്, സണ്ണി വര്‍ക്കി, പിഎന്‍സി മേനോന്‍, രവി പിള്ള, ജോയ് ആലുക്കാസ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍. യുഎഇയിലെ ഇവരുടെ പ്രകടനം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്.