Connect with us

Gulf

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 1 മുതല്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 36ാം പതിപ്പ് 60 രാജ്യങ്ങളില്‍ നിന്നുള്ള 1,650 പ്രസാധകരുടെ പങ്കാളിത്തംകൊണ്ട് സമ്പന്നമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയില്‍ 15 ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തും.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായി വളര്‍ന്ന ഷാര്‍ജ പുസ്തകമേളയുടെ പ്രദര്‍ശനശാലയും ഇത്തവണ വിപുലപ്പെടുത്തും. 14,625 ചതുരശ്ര മീറ്ററില്‍ പ്രദര്‍ശനമൊരുക്കാനാണ് പദ്ധതി. 48 രാജ്യങ്ങളില്‍ നിന്നുള്ള 393 അതിഥികള്‍ അനുവാചകരുമായി സംവദിക്കാനെത്തും. 2,600 പരിപാടികള്‍ പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഷാര്‍ജ പബ്ലിക് ലൈബ്രറിയില്‍ ഷാര്‍ജ ബുക് അതോറിറ്റി (എസ് ബി എ) നടത്തിയ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഈ വര്‍ഷത്തെ പുസ്തകമേളയുടേ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. എസ് ബി എ ചെയര്‍മാന്‍ അഹ്മദ് അല്‍ ആമിരി, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുഹമ്മദ് ഖലഫ്, ഇത്തിസാലാത് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ആക്ടിംഗ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഉമൈമി, ബ്രിട്ടീഷ് കൗണ്‍സില്‍ യു കെ-യു എ ഇ കൊളാബറേഷന്‍ മേധാവി ഹന്നാ ഹെന്‍ഡേര്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടില്‍ രൂപപ്പെട്ട പുസ്തകമേള ലോകത്തിലെ എണ്ണപ്പെട്ട സമഗ്ര സാംസ്‌കാരിക സംരംഭമായി മാറിയതായി അല്‍ ആമിരി പറഞ്ഞു. പ്രസാധകര്‍, രചയിതാക്കള്‍, പുസ്തക പ്രേമികള്‍, അന്തര്‍ദേശീയ പ്രശസ്തരായ അതിഥികള്‍ എന്നിവരെ അണിനിരത്താന്‍ പുസ്തകമേളയിലൂടെ സാധിക്കുന്നു.
പുതിയ ലോകത്തിലേക്ക് ജാലകങ്ങള്‍ തുറക്കുന്ന അറിവിന്റെ ഉള്‍ക്കാമ്പ് എന്ന നിലയില്‍ പുസ്തകങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതിന്ന് “എന്റെ പുസ്തകത്തിനുള്ളില്‍ ഒരു ലോകം” എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ഒരുക്കുന്നത്.

എല്ലാ വര്‍ഷവും പുതിയ രാജ്യങ്ങളെ പുസ്തകമേളയിലേക്ക് ആകര്‍ഷിക്കുന്നു. ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ഈ വര്‍ഷം പുതുതായി മേളക്കെത്തും. സാംസ്‌കാരിക പരിപാടികള്‍ ഉള്‍പെടെയുള്ള വിവിധ പരിപാടികളില്‍ 39 രാജ്യങ്ങളില്‍നിന്നുള്ള 158 അതിഥികള്‍ പങ്കെടുക്കും. 11 രാജ്യങ്ങളില്‍ നിന്നുള്ള 60 അതിഥികള്‍ ഉള്‍പെടുന്ന 33 വര്‍ക്‌ഷോപ്പുകളും നടക്കും. ഈ വര്‍ഷത്തെ പരിപാടികളില്‍ ഏറ്റവും വിപുലമായത് കുട്ടികള്‍ക്കായുള്ള പരിപാടികളാണ്. യു കെ, കുവൈത്ത്, പോളണ്ട്, ജോര്‍ദാന്‍, ആസ്‌ത്രേലിയ, മാള്‍ഡോവ, റഷ്യ, ഇന്ത്യ, ബഹ്‌റൈന്‍, ഐസ്‌ലാന്‍ഡ്, മംഗോളിയ, സിറിയ, ഇറ്റലി, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അതിഥികളായെത്തുന്നുണ്ട്. കുക്കറി ഷോ, സോഷ്യല്‍ മീഡിയ കോര്‍ണര്‍ തുടങ്ങിയവയും ശ്രദ്ധേയമാവും.

“ഫ്യൂച്ചര്‍ സോണ്‍” എന്ന പേരില്‍ ഒരുക്കുന്ന പ്രത്യേക പവലിയനില്‍ ഏറ്റവും പുതിയ ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്ന 10 പ്രമുഖ കമ്പനികളെ കൂട്ടിയിണക്കി വായനക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അല്‍ ആമിരി പറഞ്ഞു.
സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും പുസ്തകമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കി സ്മാര്‍ട് ആപ്ലിക്കേഷന്‍ പുറത്തിറക്കും. യുകെയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. ഇരു രാജ്യങ്ങളേയും ഒന്നിച്ചുചേര്‍ക്കുന്ന ആഴമേറിയ ബന്ധങ്ങളുടെ ചരിത്രസൂചനകളിലേക്ക് വെളിച്ചംവീശുന്നതും ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ആഴവും അതിന്റെ സാഹിത്യ, ബൗദ്ധിക കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പവലിയന്‍ ഒരുക്കും. മേളക്കെത്തുന്ന അറബ് സാംസ്‌കാരിക സാഹിത്യപ്രതിഭകളില്‍ സിറിയന്‍ കലാകാരനായ ഗസ്സന്‍ മസാവുള്‍, അല്‍ജീരിയന്‍ നോവലിസ്റ്റ് വിസിനി ലാര്‍ഡ്ജ്, ഫലസ്തീന്‍ കവിയും നോവലിസ്റ്റുമായ ഇബ്രാഹിം നസ്‌റല്ല, സഊദി എഴുത്തുകാരന്‍ അബ്ദാ ഖാല്‍, ജോര്‍ദാന്‍ നോവലിസ്റ്റ് ജമാല്‍ നാജി എന്നിവര്‍ ഉള്‍പെടും. സാഹിത്യകാരിയും ബുക്കര്‍ സമ്മാന ജേതാവുമായ അരുന്ധതി റോയ്, എംടി വാസുദേവന്‍ നായര്‍, കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായ്, പ്രമുഖ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രം, നടനും എം പിയുമായ ഇന്നസെന്റ്, ഡെറക് ഒ ബ്രെയന്‍ എം പി, സി രാധാകൃഷ്ണന്‍, സി വി ബാലകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സന്തോഷ് എച്ചിക്കാനം, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും അതിഥികളില്‍ ഉള്‍പെടും. പുസ്തകമേളയുടെ മുന്നോടിയായി ഒക്ടോബര്‍ 30, 31 തിയ്യതികളില്‍ പ്രൊഫഷണല്‍ പരിപാടി ഒരുക്കും. ഷാര്‍ജ ചേംബറില്‍ നടക്കുന്ന പരിപാടിയില്‍ മുന്നൂറോളം പ്രസാധകരെയും പരിഭാഷാ പ്രൊഫഷണലുകളേയും വ്യവസായ വിദഗ്ധരേയും പങ്കെടുപ്പിക്കും. 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ സംബന്ധിക്കുന്നുണ്ട്. പുസ്തക പരിഭാഷക്ക് പത്ത് ലക്ഷത്തിലധികം ദിര്‍ഹമിന്റെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള നിരവധി പ്രസാധകര്‍ മേളക്കെത്തുന്നുണ്ട്. സിറാജ് ദിനപത്രവും മുന്‍വര്‍ഷത്തെപ്പോലെ വിപുലമായ സ്റ്റാളൊരുക്കുന്നുണ്ട്.

Latest