മാരുതി സുസുക്കിയുടെ എന്‍ജിന് നിര്‍മാണശാലക്കുള്ളില്‍ പുലി

Posted on: October 5, 2017 6:32 pm | Last updated: October 5, 2017 at 6:32 pm

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ വാഹന എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ പുലി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ കമ്പനിയുടെ ഗേറ്റ് നമ്പര്‍ രണ്ടിലൂടെ പുലി പ്ലാന്റിനകത്തേക്ക് കടന്നത്. അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാന്റില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. ഫാക്ടറിയിലെ സി.സി.ടി.വി ക്യാമറകളില്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

350 ഓളം ജീവനക്കാരാണ് പ്ലാന്റില്‍ ഉണ്ടായിരുന്നത്. കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ പിടികൂടുന്നതിന് വേണ്ടി രാവിലെ 6.30 ന് ആരംഭിക്കുന്ന ഷിഫ്റ്റ് മാറ്റിവെച്ചു. 2000 ത്തോളം ജീവനക്കാരാണ് രാവിലെയുള്ള ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.

നിരവധി വലിയ യന്ത്രങ്ങളുള്ള പ്ലാന്റായിതിനാല്‍ പുലിയെ തെരഞ്ഞ് കണ്ടുപിടിക്കുന്നത് ദുഷ്‌കരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രര്‍ കുമാര്‍ പറഞ്ഞു.
മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.