കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി; സീറ്റിംഗ് കപ്പാസിറ്റി 29000 മാത്രം

Posted on: October 5, 2017 10:12 am | Last updated: October 5, 2017 at 10:12 am
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം

കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ കൊച്ചിയിലെ കാണികളുടെ എണ്ണം പരിമിതപ്പെടുത്തി. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ടു കാണാനാവുക 29,000 പേര്‍ക്ക് മാത്രമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്താണു നിയന്ത്രണം. ബാഗ്, കുപ്പി തുടങ്ങിയവ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും ബെഹ്റ സുരക്ഷാ അവലോകന യോഗത്തിനുശേഷം കൊച്ചിയില്‍ പറഞ്ഞു.
40,000 പേര്‍ക്കു പ്രവേശനം നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നിലവില്‍ 29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിന് അനുസരിച്ചാണ് ഫിഫയുടെ ടിക്കറ്റ് വില്‍പ്പനയും. ഘട്ടംഘട്ടമായിട്ടാണ് ലോകപ്പിന്റെ ടിക്കറ്റ് വില്‍പ്പന. നിലവില്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
കാണികളുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ ടിക്കറ്റുകളുടെ എണ്ണവും കുറയും. അതേസമയം അണ്ടര്‍-17 ലോകകപ്പ് മത്സരവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മത്സര ദിവസം വൈകിട്ട് മൂന്ന് മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയം സര്‍ക്കിള്‍ റോഡിലേക്ക് പ്രവേശനമുണ്ടാവുകയുള്ളു. ഈ റോഡുകളില്‍ ടീമുകളുടെ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങള്‍ക്കൊന്നും പ്രവേശനമുണ്ടാവില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് അറിയിച്ചു.
അത്യാവശ്യ മരുന്നുകള്‍, കുട്ടികളുടെ ഫീഡിങ് ബോട്ടിലുകള്‍, പേഴ്സുകള്‍, സ്ത്രീകളുടെ ചെറിയ വാനിറ്റി ബാഗുകള്‍ എന്നിവ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് അനുവദിക്കുകയുള്ളു. കുപ്പിവെള്ളം, ഫുഡ് പാക്കറ്റുകള്‍, കമ്പ്, നാസിക്ഡോല്‍, ഹെല്‍മറ്റ്, ബാഗുകള്‍ തുടങ്ങിയവ അനുവദിക്കില്ല.
കുടിവെള്ളം, ഭക്ഷണം എന്നിവ സ്റ്റേഡിയത്തിനകത്ത് വില്‍പ്പനക്ക് ലഭ്യമാക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്.
ഒരിക്കല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിച്ചാല്‍ മത്സരം അവസാനിക്കുന്നതിന് മുമ്പ് പുറത്തേക്ക് പോവാന്‍ അനുവദിക്കുമെങ്കിലും തിരികെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കില്ല. സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗവും സ്റ്റേഡിയം സര്‍ക്കിള്‍ റോഡുകളും തത്സമയ കാമറ നിരീക്ഷണത്തിലായിരിക്കും. ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.