സൂപ്പര്‍ താരനിരയുമായി സ്‌പെയിന്‍ ഒരുങ്ങുന്നു

Posted on: October 5, 2017 10:09 am | Last updated: October 5, 2017 at 10:09 am
അണ്ടര്‍ 17 ലോകകപ്പിനെത്തിയ സ്‌പെയിന്‍ ടീം കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനത്തില്‍

കൊച്ചി: കൗമാര ലോക കപ്പിനായി കൊച്ചിയിലെത്തിയ നാലുടീമുകളും ഇന്നലെ പരിശീലനത്തിനിങ്ങി. കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ടീമുകള്‍ പരിശീലനം നടത്തിയത്. രാവിലെ പത്തുമണിയോടെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തിയ സ്‌പെയിന്‍ കോച്ച് സാന്റിയുടെ നേതൃത്വത്തില്‍ രണ്ടുമണിക്കൂര്‍ നേരം പരിശീലനം നടത്തി.
വാം അപ്പുകളുമായി തുടങ്ങിയ സ്‌പെയിനിന്റെ യുവനിര പിന്നീട് ടീമുകളായി തിരിഞ്ഞ് കളിച്ചു. കോര്‍ണര്‍ കിക്കുകളും ഗോളിമാരെ പരീക്ഷിക്കുന്ന പരിശീലനത്തിനുമായിരുന്നു കോച്ച് മുന്‍തൂക്കം കൊടുത്തത്.

ബാഴ്സയുടെ താരങ്ങളായ മാത്യു, മിറാന്‍ഡ, ഫോര്‍വേഡുകളായ ആബേല്‍ റൂയിസും സെര്‍ജിയോ ഗോമസും, റയല്‍താരം ചുസ്റ്റ്, മാഞ്ചസ്റ്റര്‍ സിറ്റി യൂത്ത് താരം എറിക്, മിഡ്ഫീല്‍ഡര്‍മാരായ മൊഹം, ബ്ലാങ്കോ, ഫോര്‍വേഡ് പെഡ്രോ, സീസര്‍ എന്നിവരുള്‍പ്പെടുന്ന സ്‌പെയിന്‍ മികച്ച ഫോമിലാണ്. അണ്ടര്‍ 17 യൂറോകിരീടം നേടിയ സെപയിന്‍ ആദ്യമല്‍സരത്തില്‍ തന്നെ ശക്തരായ ബ്രസീലിനെയാണ് നേരിടുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പരിശീലനമാണ് സ്‌പെയിനിന്റേത്.
ബാഴ്‌സ – റയല്‍ താരങ്ങള്‍കൊണ്ട് സമ്പന്നമായ സ്‌പെയിന്‍ ടീം ആദ്യമല്‍സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്താല്‍ കൊച്ചിയിലെ കാണികള്‍ക്ക് ഫുട്‌ബോള്‍ വിരുന്നാകുമത്.

വൈകിട്ട് അഞ്ചിനാണ് ബ്രസീല്‍ ടീം പരിശീലനത്തിനിറങ്ങിയത്. പനമ്പിള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഇന്നലത്തെ പരിശീലനം. കാര്‍ലോസ് അമേഡ്യൂന്റെ നേതൃത്തത്തില്‍ രണ്ടുമണിക്കൂറിലേറെ നീണ്ടപരിശീലനത്തിന് ശേഷമാണ് ബ്രസീല്‍ടീം തിരിച്ചുകേറിയത്.
ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്നലെ വൈകിട്ട് 4.30 ഓടെ വടക്കന്‍ കൊറിയന്‍ ടീം മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. പട്ടാളഭരണത്തിന് കീഴില്‍ നിന്നുവരുന്ന ഉത്തരകൊറിയയുടെ പരിശീലനങ്ങളും പട്ടാള ചിട്ടയിലായിരുന്നു. പരിശീലനത്തിന് മുമ്പ് ഗ്രൗണ്ടില്‍ ആദ്യം താരങ്ങളുടെ പരേഡ്. പിന്നീട് പരിശീലകന്‍ യുന്‍ ജോങ് സുവിന്റെ കര്‍ശനനിര്‍ദേശങ്ങള്‍.
തുടര്‍ന്ന് ടീം അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി ആര്‍പ്പുവിളിച്ച് മൈതാനത്തേക്ക് പരിശീലനത്തിനായിട്ടിറങ്ങി. മൈതാനത്തിന് തലങ്ങും വിലങ്ങും വട്ടം ചുറ്റിയോടി വാംഅപ്പിന് ശേഷം പാസിങ്ങ് പരിശീലനത്തിലേര്‍പ്പെട്ടു. താരങ്ങളെ ഒളിപ്പിച്ചു നിര്‍ത്തി എതിരാളിയെ വീഴ്ത്തുന്ന തന്ത്രങ്ങള്‍ പരിശീലിച്ചു. നൈജര്‍ ടീം ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്താണ് പരിശീലനം നടത്തിയത്.