മാറ്റമില്ലാതെ പണനയം; വളര്‍ച്ചാ നിരക്ക് കുറയും

Posted on: October 5, 2017 8:57 am | Last updated: October 5, 2017 at 12:16 pm

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) പണനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ ഉള്‍പ്പെടെയുള്ള നിലവിലെ നിരക്കുകള്‍ തുടരും. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റീവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലുമാണ് തുടരുക. കരുതല്‍ ധനാനുപാതം നാല് ശതമാനമായും നിലനിര്‍ത്തി. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതാണ് നിരക്കുകള്‍ കുറക്കുന്നതില്‍ നിന്ന് ആര്‍ ബി ഐയെ പിന്തിരിപ്പിച്ചത്. വാണിജ്യ ബേങ്കുകള്‍ക്ക് ആര്‍ ബി ഐ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ആഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ചാണ് ആറ് ശതമാനത്തിലെത്തിച്ചത്. ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. 2015 ജനുവരി മുതല്‍ റിപ്പോ നിരക്കില്‍ രണ്ട് ശതമാനം കുറവുണ്ടായി.

രാജ്യത്തെ വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന നിഗമനത്തിലാണ് ആര്‍ ബി ഐയെന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. നേരത്തെ 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇത് 6.7 ശതമാനമായി താഴുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഏപ്രില്‍- ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍, സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാറും വ്യവസായ കൂട്ടായ്മകളും ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. അഞ്ചംഗ ആര്‍ ബി ഐ മോണിറ്ററി പോളിസി കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് പലിശ നിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നാല് അംഗങ്ങള്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരംഗം 25 പോയിന്റ് കുറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.
നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാല്‍ ബേങ്കുകള്‍ അടുത്ത കാലത്തൊന്നും വായ്പാ പലിശ കുറക്കാനിടയില്ല. ആര്‍ ബി ഐ നിരക്ക് കുറക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് അനുസരിച്ചാണ് ബേങ്കുകള്‍ സാധാരണ വായ്പാ നിരക്കില്‍ കുറവ് വരുത്തുന്നത്.

തകര്‍ച്ച ആദ്യമല്ലെന്ന് പ്രധാനമന്ത്രി

ന്യഡല്‍ഹി: രാജ്യത്ത് ഇതാദ്യമായല്ല സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴുന്നതെന്നും ഒരു കൂട്ടം ആളുകള്‍ തന്റെ സര്‍ക്കാറിനെതിരെ അശുഭചിന്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സാമ്പത്തിക പാദത്തിലെ വളര്‍ച്ചാനിരക്ക് താഴുന്നത് വലിയ കാര്യമല്ല. വസ്തുതകള്‍ വെച്ചല്ല വൈകാരികമായാണ് വിമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കമ്പനി സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് 5.7 ലേക്ക് എത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എട്ട് തവണ വളര്‍ച്ചാ നിരക്ക് 5.7ല്‍ നിന്ന് താഴേക്ക് പോയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ ആയിരുന്നു അന്ന് ഭരണത്തില്‍. തന്നേക്കാള്‍ വലിയ സാമ്പത്തിക വിദഗ്ധര്‍ ഉണ്ടായിരുന്നിട്ടും അന്ന് എന്ത് സംഭവിച്ചെന്നും മോദി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കിയതിലെ അപാകവുമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് വരാന്‍ കാരണമായതെന്ന് ചിലര്‍ വിമര്‍ശം ഉന്നയിക്കുന്നുണ്ട്. മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹയു ടെ വിമര്‍ശം സൂചിപ്പിച്ച് കൊണ്ട് മോദി പറഞ്ഞു.

അടുത്ത പാദത്തില്‍ രാജ്യം 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ ബി ഐ പ്രവചിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമായി ശരാശരി 7.5 ശതമാനം വളര്‍ച്ച നേടിയ ശേഷം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ അത് താഴേക്കെത്തി. ഈ അവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടി നടപ്പാക്കി മൂന്ന് മാസം പിന്നിടുമ്പോള്‍ പല ഭാഗത്തു നിന്നും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. വ്യാപാരികളും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ജി എസ് ടി കൗണ്‍സിലിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.