മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ പോലീസ് വിവസ്ത്രരാക്കി

Posted on: October 4, 2017 11:39 pm | Last updated: October 4, 2017 at 11:13 pm
അടിവസ്ത്രം മാത്രം ധരിച്ച് കര്‍ഷകര്‍ പോലീസ് സ്റ്റേഷനില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ സമരം ചെയ്ത കര്‍ഷകരെ പോലീസ് നിര്‍ബന്ധിച്ച് വിവസ്ത്രരാക്കി മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ സംഭവം വിവാദമാകുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ഈ ക്രൂരതയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.

സമരം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് ഒരുകൂട്ടം കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്ത് വിവസ്ത്രരാക്കി സ്‌റ്റേഷനിലിരുത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് കര്‍ഷകര്‍ പോലീസ് സ്റ്റേഷനിലിരിക്കുന്നതിന്റെ ചിത്ര ങ്ങള്‍ പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ചതോടെ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫീസിന് മുന്നിലാണ് കര്‍ഷകര്‍ സമരം ചെയ്തത്. സമരം പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയിലെത്തുകയും കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു. എന്നാല്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ട്രാക്ടറില്‍ മടങ്ങുകയായിരുന്ന കര്‍ഷകരെ പിടികൂടിയാണ് പോലീസുകാര്‍ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ സമരം സംഘടിപ്പിച്ചതും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതും കോണ്‍ഗ്രസാണെന്ന് ബി ജെ പി ആരോപിച്ചു.

ഇതിനിടെ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന ഒരു തരത്തിലുള്ള സമരത്തെയും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയതോടെ സര്‍ക്കാര്‍ ഇതേകുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് അധികൃതരോട് നിര്‍ദേശിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.