നവംബര്‍ മുതല്‍ യു എ ഇ എണ്ണ ഉല്‍പ്പാദനം കുറക്കുമെന്ന് ഊര്‍ജമന്ത്രി

Posted on: October 4, 2017 8:20 pm | Last updated: October 4, 2017 at 8:20 pm

അബുദാബി: ഒപെക്കിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മുതല്‍ യു എ ഇയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 139,000 ബാരലായി വെട്ടിക്കുറക്കുമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂഇ പറഞ്ഞു.
രാജ്യത്തിന്റെ പ്രതിദിന ഉല്‍പാദനം 1,39,000 ബാരലാക്കി ചുരുക്കണമെന്ന ഒപെക്കിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) നവംബറിലെ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി യു എ ഇയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഡ്നോക് പ്രഖ്യാപിച്ചത് പോലെ നവംബറില്‍ ഉല്‍പാദനം വെട്ടിക്കുറക്കുന്നതിലൂടെ 15 ശതമാനം ക്രൂഡ് കരാറുകള്‍ നീക്കിവെക്കുമെന്ന് അല്‍ മസ്റൂഇ പറഞ്ഞു. ഒപെക് തീരുമാനത്തോട് സമവായപ്പെടുന്നതിന്റെ ഭാഗമായാണ് അഡ്നോക് ഉല്‍പാദനം വെട്ടിക്കുറക്കുന്നതിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തുള്ള അധിക എണ്ണ ഇല്ലാതാക്കി വിപണിയില്‍ സ്ഥിരത കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്. ആദ്യം ആറ് മാസത്തേക്കായിരുന്നു കരാറിന് അംഗീകാരം നല്‍കിയത്. പിന്നീട് ഒന്‍പത് മാസംകൂടി കൂട്ടിച്ചേര്‍ത്ത് 2018 മാര്‍ച്ചുവരെ നീട്ടുകയായിരുന്നു. ബാരലിന് 110 ഡോളര്‍ വിലയുണ്ടായിരുന്നതില്‍ നിന്ന് 2014 ന്റെ മധ്യത്തോടെ 27 ഡോളറായിട്ടാണ് എണ്ണയുടെ വില ഇടിഞ്ഞത്. നിലവില്‍ 50 ഡോളറാണ് ആഗോളവിപണിയില്‍ വില.