ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും നിയമിച്ചു

Posted on: October 4, 2017 5:20 pm | Last updated: October 4, 2017 at 7:24 pm

കൊച്ചി: തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും നിയമിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കേസില്‍ പ്രതിയായതോടെ ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിലീപിനെ മാറ്റിയിരുന്നു.

അതേസമയം, ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന മമ്മൂട്ടിയുടെ പ്രസ്താവന ശരിയല്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ ഈ വെളിപ്പെടുത്തല്‍. സംഘടനയുടെ ഭരണഘടന അനുസരിച്ച് ഒരംഗത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയൂ. അതുതന്നെ അസോസിയേഷന്‍ രൂപവത്കരിക്കുന്ന അച്ചടക്ക സമിതിയുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ പറ്റൂ. അല്ലാതെ ഒരംഗത്തെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല. മമ്മൂട്ടി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യമാണ്. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാവും അങ്ങനെ പറഞ്ഞത്ഗണേഷ് അഭിമുഖത്തില്‍ പറഞ്ഞു.

അമ്മയില്‍ അംഗമാണെങ്കിലും അല്ലെങ്കിലും ദിലീപിന് വേണമെങ്കില്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാമെന്നും ഗണേഷ് പറഞ്ഞു. അദ്ദേഹത്തിന് വേണമെങ്കില്‍ അമ്മയില്‍ വീണ്ടും അംഗമാവാം. ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ട് പുളിശ്ശേരിവച്ചുതന്നാലും അമ്മയിലോ മറ്റേതെങ്കിലും സംഘടനയിലോ അംഗമാവില്ലായിരുന്നു. മാധ്യമങ്ങളില്‍ നിന്നുള്ള ആക്രമണത്തെ ചെറുത്ത് പിടിച്ചുനില്‍ക്കുന്ന ദിലീപിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമേയുള്ളൂവെന്നും ഗണേഷ് പറഞ്ഞു.