ഹെെക്കോടതി ജാമ്യം അനുവദിച്ചു; ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങി

  • ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ.
  • സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശം.
Posted on: October 3, 2017 2:11 pm | Last updated: October 4, 2017 at 5:29 pm
ആലുവ സബ്ജയിലിൽ നിന്ന് പുറത്തിറങ്ങിയ നടൻ ദിലീപ് ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സിറാജ്

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച നടൻ ദിലീപ് ആലുവ സബ്ജയിലിൽ നിന്ന് പുറത്തിറങ്ങി. നൂറുക്കണക്കിന് വരുന്ന ദിലീപ് ഫാൻസ് പ്രവർത്തകരുടെ ആവേശത്തിരയിളക്കത്തിന് ഇടയിലേക്കാണ് നടൻ വന്നിറങ്ങിയത്. ഇവിടെ നിന്നും അദ്ദേഹം പറവൂരിലെ തറവാട്ടു വീട്ടിലേക്ക് പുറപ്പെട്ടു. ദിലീപിൻെറ മാതാവും ഭാര്യ കാവ്യാ മാധവനും ഇൗ വിട്ടിലാണുള്ളത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്.

കേസിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദച്ച സാഹചര്യത്തിലാണ് അദ്ദേഹം ജയിൽ മോചിതനായത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ഹര്‍ജിയാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അഞ്ചാം തവണ നല്‍കിയ അപേക്ഷയാണ് പരിഗണിക്കപ്പെട്ടത്. ജസ്റ്റിസ് സുനില്‍ തോമസാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ രണ്ട് തവണ ഹൈക്കോടതിയും രണ്ട് തവണ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം ലഭിച്ച വിവരം ജയിൽ സൂപ്രണ്ട് ദിലീപിനെ അറിയിച്ചു. ജാമ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.

പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് മറ്റു ഉപാധികള്‍. 85 ദിവസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.

ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപംവെച്ച് നടി ആക്രമിക്കപ്പെട്ടത്. നടിയുടെ മുന്‍ ഡ്രൈവര്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ഓടുന്ന കാറില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് പ്രതികള്‍ കൃത്യം ചെയ്തതെന്നാണ് കേസ്.