സിനിമയില്‍ അവസരവും ജോലി വാഗ്ദാനവും നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Posted on: October 3, 2017 1:15 pm | Last updated: October 3, 2017 at 1:03 pm

കൊണ്ടോട്ടി: ജോലി വാഗ്ദാനം ചെയ്തും സിനിമയിലും സീരിയലിലും അവസരവും നല്‍കാമെന്നും സ്ത്രീകളെ ലൈംഗിക പീഡനം നടത്തി വന്ന യുവാവ് പോലീസ് പിടിയിലായി. വേങ്ങര ചുള്ളിപ്പറമ്പ് പറങ്ങോടത്ത് സൈതലവി(45)യാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.

പാലക്കാട് സ്വദേശിയായ യുവതിയും ഇവരുടെ മാതാവും നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് മൊറയൂരില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്. ആലപ്പുഴയിലേക്ക് വിവാഹം കഴിഞ്ഞ യുവതിയെ കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ജോലി വാങ്ങിത്തരാം എന്നു പറഞ്ഞാണ് ഇയാള്‍ യുവതിയെ
മൊറയൂരിലെ ക്വാര്‍ട്ടേര്‍സില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചത്. യഥാര്‍ഥ പേരും വിലാസവും മറച്ചു വെച്ചു മുഹമ്മദ് ശഹീന്‍ രാമനാട്ടുകര എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പു നടത്തുന്നത്.

സിനിമയിലും സീരിയലുകളിലും അവസരം നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായി പോലീസ് പറഞ്ഞു. നേരത്തെ വേങ്ങര പോലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ പുതിയ പേര് സ്വീകരിച്ച് യുവതികളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുന്നത്. ആദ്യ ഭാര്യക്ക് പുറമെ മോങ്ങത്തും നിന്നും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്. മോങ്ങത്ത് വിജിലന്‍സ് ഓഫീസര്‍ എന്നു പറഞ്ഞാണ് ഇയാള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. സി ഐ. മുഹമ്മദ് ഹനീഫ, ജൂനിയര്‍ എസ് ഐ. ജയപ്രസാദ്, എ എസ് ഐ. അശ്‌റഫ്, സത്താര്‍, ഷൈലേഷ്, ജസീര്‍, വനിത എസ് സി പി ഒ തുളസി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ മലപ്പുറം കോടതിയുടെ ചാര്‍ജ്ജുള്ള പൊന്നാനി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.