Connect with us

Kerala

കേരള മുസ്‌ലിം ജമാഅത്ത് 'ഇസ്തിഫാദ 17' സംഗമങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും

Published

|

Last Updated

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സോണ്‍തല “ഇസ്തിഫാദ 17” സംഗമങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം 5, 6, 7 തീയതികളില്‍ ബഹുമുഖ പദ്ധതികളോടെ സോണ്‍ ആസ്ഥാനങ്ങളില്‍ നടക്കും. സംസ്ഥാന വ്യാപകമായി 140 കേന്ദ്രങ്ങളിലാണ് പരിപാടി. ആനുകാലികമായി നിരവധി വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിം ബഹുജന മുന്നേറ്റത്തിന് ദിശാബോധം നല്‍കുന്നതിനും ആദര്‍ശപരമായും സാമുദായികമായും ശക്തിപ്പെടുത്തുന്നതിനുമാണ് ഇസ്തിഫാദ ആവിഷ്‌കരിച്ചിട്ടുള്ളത്.

വര്‍ഗീയ ഫാസിസവും സലഫി ഭീകരതയും സമുദായത്തെ നിരന്തരം മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ സമഭാവനയും രാഷ്ട്രത്തിന്റെ മതനിരപേക്ഷ സമീപനവും സംരക്ഷിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്നുതന്നെ അവ ചോദ്യം ചെയ്യപ്പെടുന്നു. മതചിഹ്നങ്ങളും മഹാത്മാക്കളുടെ ഖബറിടങ്ങളും ഇരുളിന്റെ മറവില്‍ ചില ദുശ്ശക്തികള്‍ പൊളിച്ചടക്കുകയും ചെയ്യുന്നു. നാടിന്റെ സമാധാനാന്തരീക്ഷം കലുഷമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സാമുദായിക ജാഗ്രത അനിവാര്യമാണ്.
നയപരമായും യുക്തിഭദ്രമായും ഇവകളെയെല്ലാം പ്രതിരോധിക്കാന്‍ സംഘടിത ശക്തിയും ധാര്‍മികബോധവും വളര്‍ത്തേണ്ടതുണ്ട്. വര്‍ധിച്ചു വരുന്ന അധര്‍മ പ്രവണതകളില്‍ നിന്ന് യുവസമൂഹത്തെ മോചിപ്പിക്കാന്‍ മഹല്ലു തലങ്ങളിലും പദ്ധതികള്‍ വേണം. ഈ ലക്ഷ്യങ്ങളോടെ പണ്ഡിതരെയും പൗരപ്രമുഖരെയും സംഘടനാ സാരഥികളെയും ഇസ്തിഫാദക്കു കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത് ഒന്നിച്ചിരുത്തും.

അഞ്ചിന് വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, മലപ്പുറം, കൊളത്തൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി സോണുകളിലും ആറിന് വെള്ളിയാഴ്ച എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം സോണുകളിലും എഴിന് ശനിയാഴ്ച തിരൂര്‍, താനൂര്‍, തിരുരങ്ങാടി, തേഞ്ഞിപ്പലം, അരീക്കോട്, എടവണ്ണപ്പാറ, പുളിക്കല്‍, കൊണ്ടോട്ടി ഇസ്തിഫാദകള്‍ക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, സെക്രട്ടറിമാരായ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പ്രെഫ. കെ എം എ റഹീം, മലപ്പുറം ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ്‌ക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഖൈറുഉമ്മ, മതം-മതേതരത്വം, നിയമപാഠം എന്നീ സെഷനുകള്‍ പ്രമുഖര്‍ അവതരിപ്പിക്കും.

Latest