ആര്‍എസ്എസ് വിമുക്ത കേരളത്തിനായി കേരളം ഒറ്റക്കെട്ട്: ചെന്നിത്തല

Posted on: October 2, 2017 11:58 am | Last updated: October 2, 2017 at 6:29 pm

തിരുവനന്തപുരം: അജന്‍ഡ വിലപ്പോകാത്തതിലെ നിരാശ മൂലമാണ് കേരളത്തെ ജിഹാദി കേന്ദ്രമായി ആര്‍എസ്എസ് വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതര മനസ്സിന് പോറലേല്‍പ്പിക്കാന്‍ ആര്‍എസ് എസിന് കഴിയുന്നില്ല. ഈ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് ഭഗവതിന്റെ പ്രസ്താവന.

ആര്‍എസ്എസിനും സംഘപരിവാറിനുമെതിരായ സര്‍ക്കാറിന്റെ നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ മാത്രം ഒതുക്കുകയാണ്. നിയമം ലംഘിച്ച് പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാന്‍ പോലും പിണറായി സര്‍ക്കാറിനായില്ല. ആളുകളെ തമ്മിലടിപ്പിക്കാന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിദ്വേഷ പ്രസംഗം നടത്തിയ കെപി ശശികലക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയില്ല.

സംഘ പരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിടുന്നത് മതിയാക്കി നടപടി സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ആര്‍എസ്എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.