അതിര്‍ത്തിയിലെ ജനത ചൈനയിലേക്ക് കടക്കുന്നത് അപകടം: രാജ്‌നാഥ് സിങ്

Posted on: October 1, 2017 4:05 pm | Last updated: October 2, 2017 at 9:12 am
SHARE

ഉത്തരാഖണ്ഡ് : ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ സുരക്ഷ അപകടത്തിലാകുമെന്നതിനാല്‍, ഇവിടങ്ങളിലെ ജനങ്ങള്‍ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനോട് (ഐടിബിപി) രാജ്‌നാഥ് ആവശ്യപ്പെട്ടു. ജോഷിമതിലെ ഫസ്റ്റ് ബറ്റാലിയന്‍ ക്യാംപില്‍ ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളില്‍ സര്‍ക്കാരിനു സമ്പൂര്‍ണ വിശ്വാസമുണ്ടെന്ന് രാജ്‌നാഥ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ആളുകള്‍ ചൈനയിലേക്ക് കുടിയേറിയാല്‍ അത് രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയതായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹൃദയത്തിന്റെ കേന്ദ്രഭാഗത്താണ് അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് സ്ഥാനമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് സവിശേഷ സ്ഥാനം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here