സുല്‍ത്താന്റെ വാക്ക് യാഥാര്‍ഥ്യമായി; 149 പേര്‍ക്ക് മോചനം

Posted on: September 28, 2017 11:42 pm | Last updated: October 2, 2017 at 4:43 pm

അബൂദബി: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം 149 തടവുകാര്‍ മോചിതരായി. ഷാര്‍ജ പോലീസ് വിശദമായ വാര്‍ത്താകുറിപ്പിലൂടെ തടവുകാരുടെ മോചനം സ്ഥിരീകരിച്ചു. സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയനുസരിച്ചാണ് ഇവരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടത്.
മോചിതരായവരില്‍ കോടതി വിധിച്ച പിഴയടക്കാന്‍ കഴിയാതെ ജയിലില്‍ തുടരേണ്ടി വന്നവരും ഉള്‍പ്പെടും. ആ ബാധ്യത ശൈഖ് സുല്‍ത്താന്‍ വഹിക്കുകയായിരുന്നു. രണ്ട് കോടി ദിര്‍ഹമാണ് ഇതിനായി ശൈഖ് സുല്‍ത്താന്‍ ചെലവിട്ടത്. തടവില്‍ നിന്ന് മോചിതരാകുന്നവരില്‍ ഏതാനും പേര്‍ക്ക് യു എ ഇയില്‍ തുടരാന്‍ സാധിക്കും. ചിലര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി. പോലീസിന്റെ വാര്‍ത്താ കുറിപ്പില്‍ കേരളത്തിലെ സ്വീകരണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.

അതിനിടെ, യു എ ഇ യില്‍ തന്നെ അബൂദബി, ദുബൈ പോലുള്ള എമിറേറ്റുകളിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടു.
ശൈഖ് സുല്‍ത്താന്റെ ജീവകാരുണ്യപരമായ നീക്കത്തിന് നന്ദിയുണ്ടെന്ന് ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍ സാരി പറഞ്ഞു. ഇന്ത്യന്‍ സമൂഹം ശൈഖ് സുല്‍ത്താനെ ആദരിച്ചത് ഏറെ സന്തോഷം ഉളവാക്കുന്നു. സഹിഷ്ണുത, പരസ്പരാശ്രിതത്വം, സ്നേഹം എന്നിവയിലധിഷ്ഠിതമാണ് യു എ ഇ സാമൂഹിക വ്യവസ്ഥ. മറ്റു രാജ്യങ്ങളുമായി സാഹോദര്യത്വവും സഹകരണവും യു എ ഇ ആഗ്രഹിക്കുന്നു -ബ്രിഗേഡിയര്‍ ചൂണ്ടിക്കാട്ടി.

ദേശീയ ദിനം, പെരുന്നാള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് ലഭിക്കാറുണ്ടെങ്കിലും ഒരു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത് അത്യപൂര്‍വമാണ്. വണ്ടി ചെക്ക് കേസുകള്‍ പോലുള്ള സാമ്പത്തിക കുറ്റങ്ങളില്‍ പെട്ട് നൂറുകണക്കിനാളുകള്‍ ഗള്‍ഫില്‍ വിവിധ ജയിലുകളിലുണ്ട്. അവരെ മോചിപ്പിക്കാന്‍ വലിയ സാമ്പത്തിക സഹായം ആവശ്യമുണ്ട്. ഗള്‍ഫ് ഭരണാധികാരികള്‍ കനിഞ്ഞാല്‍ മാത്രമേ മോചിതരാകാന്‍ കഴിയൂവെന്ന് വിവിധ പ്രവാസി ക്ഷേമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.