വേങ്ങര സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവ് പറ്റിയിട്ടില്ല- കുഞ്ഞാലിക്കുട്ടി

Posted on: September 28, 2017 11:52 am | Last updated: September 28, 2017 at 11:54 am

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ ലീഗിന് പിഴവ് പറ്റിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ലീഗ് നേതൃത്വം ഒന്നാകെയാണ് കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ ലീഗില്‍ അപസ്വരമുണ്ട് എന്ന നിലയില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പത്രപ്രവര്‍ത്തക യൂനിയന്‍ കേസരി ഹാളില്‍ സംഘടിപ്പിച്ച വേങ്ങരക്കാര്യം മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വേങ്ങര മോഡല്‍ വികസനം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഒന്നരവര്‍ഷമായി ഇവിടെ വികസനംനടക്കുന്നില്ല. സോളാര്‍ റിപ്പോര്‍ട്ടില്‍ എതിരായൊന്നുമില്ലെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാക്കിയത്. അതുകൊണ്ടുതന്നെ വേങ്ങരയില്‍ സോളാര്‍ ചര്‍ച്ചയാകുന്നതില്‍ ഭയമില്ല.
ബി ജെ പി സ്വീകരിക്കുന്ന പല നിലപാടുകളിലും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങളുണ്ട്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ വരുണ്‍ ഗാന്ധിയെടുത്ത നിലപാട് ഇതിനു തെളിവാണെ ന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു