Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സ, ചെല്‍സി, യുനൈറ്റഡ് ജയിച്ചു

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ബാഴ്‌സലോണ, ചെല്‍സി, യുവെന്റസ്, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ക്ക് ജയം. ബാഴ്‌സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ലിസ്ബണിനെയും ചെല്‍സി 2-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനെയും യുവെന്റസ് 2-0ത്തിന് ഒളിമ്പിയാകോസിനെയും പിഎസ്ജി 3-0ത്തിന് ബയേണ്‍ മ്യൂണിക്കിനെയുമാണ് പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സിഎസ്‌കെഎ മോസ്‌കോയെ പരാജയപ്പെടുത്തി.

മുന്‍ ലിവര്‍പൂള്‍ പ്രതിരോധ താരം സെബാസ്റ്റിയന്‍ കോട്ടസിന്റെ സെല്‍ഫ് ഗോളാണ് ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും സുവാരസും സുവര്‍ണാവസരങ്ങള്‍ കളഞ്ഞുകുളിച്ച മത്സരത്തില്‍ 49ാം മിനുട്ടിലാണ് വിജയ ഗോള്‍ പിറന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ചെല്‍സിക്കായി മൊറാട്ട (59), ബത്ഷുആയി (90+4) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
യുവെന്റസിനായി ഹിഗ്വെയന്‍, മാന്‍സുകിച് എന്നിവര്‍ വലകുലുക്കി.

കഴിഞ്ഞ ദിവസം, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോസ്പര്‍, സെവിയ്യ, നാപോളി ക്ലബ്ബുകള്‍ ജയം കണ്ടിരുന്നു. കഴിഞ്ഞ സീസണില്‍ ജര്‍മനിയില്‍ അത്ഭുത കുതിപ്പ് നടത്തിയ ആര്‍ ബി ലൈപ്ഷിഷ് പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങി. ഫ്രാന്‍സിലെ കരുത്തര്‍ മൊണാക്കോയും പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍.
ഗ്രൂപ്പ് എച്ചില്‍ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത് ജര്‍മന്‍ കരുത്തരായ ബൊറുസിയ ഡോട്മുണ്ടിനെയാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ക്ലബ്ബിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗാരെത് ബെയ്‌ലും റയലിനായി ലക്ഷ്യം കണ്ടു. പതിനെട്ടാം മിനുട്ടില്‍ ബെയ്‌ലിന്റെ ഗോളിലാണ് റയല്‍ ലീഡെടുത്തത്. 49,79 മിനുട്ടുകളില്‍ ക്രിസ്റ്റിയാനോ സ്‌കോര്‍ ചെയ്തു. അമ്പത്തിനാലാം മിനുട്ടില്‍ ഓബമെയാംഗാണ് ബൊറുസിയ ഡോട്മുണ്ടിന്റെ ആശ്വാസ ഗോളടിച്ചത്.
ഗ്രൂപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന റയല്‍ ക്രിസ്റ്റിയാനോയുടെ മികച്ച ഫോമിനെയാണ് ആശ്രയിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നൂറ്റിഒമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് ക്രിസ്റ്റ്യാനോ കളം വിട്ടത്.
രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബൊറുസിയക്ക് ഇതുവരെ പോയിന്റ് സ്വന്തമാക്കുവാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ വെംബ്ലിയില്‍ ടോട്ടനം ഹോസ്പറിനോട് 3-1ന് ബൊറുസിയ പരാജയപ്പെട്ടിരുന്നു. ജര്‍മനിയില്‍ മുന്‍ നിരയിലാണ് ബൊറുസിയ. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള റയലും ടോട്ടനമും ആദ്യ സ്ഥാനങ്ങളില്‍.
മറ്റ് മത്സരങ്ങളില്‍ എഫ് സി പോര്‍ട്ടോ 3-0ന് മൊണാക്കോയെയും സെവിയ്യ 3-0ന് മാരിബോറിനെയും ബെസിക്താസ് 2-0ന് ലൈപ്ഷിഷിനെയും ടോട്ടനം ഹോസ്പര്‍ 3-0ന് അപോയല്‍ നികോസിയേയും മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് ഷാക്തര്‍ ഡോനെസ്‌കിനെയും തോല്‍പ്പിച്ചു. സ്പാര്‍ടക് മോസ്‌കോയും ലിവര്‍പൂളും 1-1ന് പിരിഞ്ഞു.

Latest