വേങ്ങരയിലും സോളാര്‍ കത്തും

മലപ്പുറം
Posted on: September 27, 2017 10:43 pm | Last updated: September 27, 2017 at 10:43 pm

വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതോടെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി പി ബശീറിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സോളാറും കത്തി തുടങ്ങി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വേങ്ങരയില്‍ പ്രചാരണായുധമാക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ നടന്ന എല്‍ ഡി എഫ് പ്രചാരണ കണ്‍വെന്‍ഷനുകളില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറും നടത്തിയ ഇടപടെലുകളാണ് പ്രസംഗത്തില്‍ വിഷയമാക്കിയത്.
വേങ്ങരയില്‍ പ്രചാരണത്തിന് ശക്തിയേറുമ്പോള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യു ഡി എഫിന് ഏറെ തലവേദനയാകും. നിലവില്‍ വേങ്ങരയിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ച തിരഞ്ഞെടുപ്പെന്ന വിമര്‍ശനം മുസ്‌ലിംലീഗ് പ്രചാരണത്തില്‍ നേരിടുന്നുണ്ട്.

ഇതിന് പുറമെയാണ് പുതിയൊരു പ്രചാരണായുധം കൂടി ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഇടതുക്യാമ്പില്‍ പതിവില്‍ കവിഞ്ഞ ആവേശമുണ്ടായിട്ടുണ്ട്. സരിത മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ യു ഡി എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് തന്നെ കാരണമായേക്കുമെന്ന് നേതൃത്വം ഭയക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ പുറത്തു വിടുകയും യു ഡി എഫിന് എതിരാവുകയും ചെയ്താല്‍ വരും ദിവസങ്ങളില്‍ വേങ്ങരയില്‍ ഇതുതന്നെയാകും എല്‍ ഡി എഫ് പ്രധാനമായും പ്രചാരണങ്ങളില്‍ ഉയര്‍ത്തിക്കാട്ടുക. ബി ജെ പിയും എസ് ഡി പി ഐയും ഇതേ വിഷയങ്ങള്‍ വോട്ടര്‍മാക്ക് മന്നില്‍ തുറന്ന് കാണിക്കുന്നതോടെ സോളാര്‍ കേസ് തന്നെയാകും വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധങ്ങളിലൊന്ന്.

സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ പോരായ്മയാണ് ഇപ്പോള്‍ യു ഡി എഫ് പ്രധാനമായും വേങ്ങരയിലെ പ്രചാരണങ്ങളില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും വേങ്ങര മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും വ്യവസായ മന്ത്രിയാവുകയും ചെയ്ത പി കെ കുഞ്ഞാലിക്കുട്ടിക്ക് എന്ത് വികസനമാണ് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതെന്ന മറുചോദ്യവുമായാണ് ഇടതുപക്ഷം ഇതിനെ പ്രതിരോധിക്കുന്നത്.