Connect with us

Gulf

രാജ്യത്തെ ഹോട്ടലുകള്‍ക്ക് ഹരിത താക്കോല്‍ സര്‍ട്ടിഫിക്കറ്റ്

Published

|

Last Updated

ദോഹ: രാജ്യത്തെ ഹോട്ടലുകള്‍ക്ക് ഹരിത താക്കോല്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയുമായി ഖത്വര്‍ ഹരിത കെട്ടിട കൗണ്‍സില്‍ (ക്യു ജി ബി സി). ലോക ടൂറിസം ദിനാഘോഷങ്ങളോടനുബന്ധിച്ച് ഗ്രീന്‍കൗണ്‍സില്‍ ഇന്ന് പുതിയ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഹരിത താക്കോല്‍ സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നതിനുള്ള ചുമതലയും ഉത്തരവാദിത്തവും ക്യു ജി ബി സിക്കായിരിക്കും.

പാരിസ്ഥിതിക സുസ്ഥിരത സംബന്ധിച്ച രാജ്യാന്തര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കേഷനായിരിക്കും പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുക. കൗണ്‍സില്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ നിറവേറ്റുന്ന എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ഹരിത താക്കോല്‍ സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകും. വിനോദസഞ്ചാര മേഖലയില്‍ പാരിസ്ഥിതിക ഉത്തരവാദിത്വം, സുസ്ഥിര പ്രവര്‍ത്തന പദ്ധതി എന്നിവ ഉറപ്പാക്കുന്നതില്‍ മികവിന്റെ മുന്‍നിര നിലവാരാമായാണ് ഹരിത താക്കോല്‍ അംഗീകാരത്തെ വിഭാവനം ചെയ്തിരിക്കുന്നത്.

ജീവനക്കാര്‍, പാരിസ്ഥിതിക പരിപാലനം, ഊര്‍ജ കാര്യക്ഷമത, ജല ഉപഭോഗം, ഹരിതവത്കരണ പ്രവര്‍ത്തനങ്ങള്‍, അകത്തെ അന്തരീക്ഷം, ഹരിതസ്ഥലങ്ങള്‍, കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നിവയെല്ലാം വിശദമായി വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. ഹരിത താക്കോല്‍ പദ്ധതി ദേശീയാടിസ്ഥാനത്തില്‍ നിരീക്ഷിക്കുന്നതിനുള്ള ദേശീയ ഉത്തരവാദിത്വം ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ നിക്ഷിപ്തമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഡയറക്ടര്‍ മിശാല്‍ അല്‍ ശമ്മാരി പറഞ്ഞു. ഖത്വര്‍ ഗ്രീന്‍ബില്‍ഡിംഗ് കൗണ്‍സില്‍ മുഖേന ഖത്തറിലെ ഹോട്ടലുകള്‍ക്കും ടൂറിസം സ്ഥാപനങ്ങള്‍ക്കും ഹരിത താക്കോല്‍ ലഭ്യമാക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് ഇന്റര്‍നാഷനല്‍ ഗ്രീന്‍ കീ ഡയറക്ടര്‍ ഫിന്‍ ബോള്‍ഡിംഗ് തോംസന്‍ പറഞ്ഞു. കഴിഞ്ഞ 19 വര്‍ഷത്തിലധികമായി ആഗോള ടൂറിസം രംഗത്ത് ഇത്തരമൊരു ലേബല്‍ നടപ്പാക്കിയിട്ടുണ്ട്. 55 രാജ്യങ്ങളിലായി 2500 ഹോട്ടലുകള്‍ക്കും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കുമാണ് ഇതുവരെ ഹരിത താക്കോല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്.