ഘര്‍വാപസിയുടെ പുത്തന്‍ രീതികള്‍

Posted on: September 27, 2017 6:44 am | Last updated: September 26, 2017 at 11:47 pm

ഞെട്ടിക്കുന്ന വിവരങ്ങളാണ് കൊച്ചി തൃപ്പൂണിത്തുറ കണ്ടനാട് യോഗ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടു പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മറ്റു മതങ്ങളിലേക്ക് മാറുന്നവരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഹിന്ദു മതത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരുന്ന ആര്‍ എസ് എസിന്റെ ഒരു ‘ഘര്‍വാപസി’ കേന്ദ്രമാണ് യഥാര്‍ഥത്തില്‍ ഈ യോഗ സെന്ററെന്നാണ് സ്ഥാപനത്തില്‍ നിന്ന് അടുത്ത ദിവസം രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിനിയായ വനിതാ ആയുര്‍വേദ ഡോക്ടര്‍ വെളിപ്പെടുത്തിയത്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ ലുലുമാളിലേക്കെന്ന വ്യാജേന കൊണ്ടുവന്നു രക്ഷിതാക്കള്‍ ട്രസ്റ്റില്‍ എത്തിച്ചത്. മനോജ് ഗുരുജിയെന്ന സംഘ്പരിവാര്‍ സ്വാമിയുടെ നേതൃത്വത്തില്‍ 15 ഓളം വരുന്ന ആളുകളാണ് സെന്ററിന്റെ നടത്തിപ്പുകാര്‍. മതം മാറിയ സ്ത്രീകളെ കൗണ്‍സിലിംഗിലൂടെ ഹിന്ദു മതത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കാനെന്ന പേരിലാണ് ഇവിടെ എത്തിക്കുന്നതെങ്കിലും പുനര്‍ മതംമാറ്റത്തിന് താത്പര്യമില്ലാത്തവരെ സ്ഥാപനത്തില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നതായി വനിതാ ഡോക്ടര്‍ വെളിപ്പെടുത്തുകയുണ്ടായി. മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ച ശേഷം സ്ഥാപനത്തിലുള്ളവര്‍ ഡോക്ടറെ കൈകാലുകളും വായും തുണി കൊണ്ട് കെട്ടി നിരന്തരം മര്‍ദിച്ചുവത്രേ. ഇതര മതക്കാരനായ അവരുടെ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഓടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അടച്ച് പൂട്ടിയിട്ടു. കരഞ്ഞാല്‍ ഉച്ചത്തില്‍ പാട്ട് വെക്കുകയും എതിര്‍ത്താല്‍ കെട്ടിയിട്ട് തല്ലുകയും ചെയ്യും. തിരികെ ഹിന്ദു മതത്തിലേക്ക് മാറാമെന്ന് സമ്മതിക്കുന്നത് വരെ തുടര്‍ന്നു കൊണ്ടിരിക്കും മര്‍ദനവും പീഡനവും. ഓരോരുത്തരും അനുഭവിക്കുന്ന പീഡനവും ദുരിതങ്ങളും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അന്തേവാസികള്‍ പരസ്പരം സംസാരിക്കുന്നതും വിലക്കിയിട്ടുണ്ട്.

അഹിന്ദുക്കളെ വിവാഹം ചെയ്ത 65 പെണ്‍കുട്ടികളെ സ്ഥാപനത്തില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായും ഡോക്ടര്‍ പോലീസിലും കോടതിയിലും നല്‍കിയ പരാതിയില്‍ പറയുന്നു. അങ്ങനെ വിവാഹം ചെയ്ത പല പെണ്‍കുട്ടികളെയും ഇവിടെ പിടിച്ചുവെച്ചിരിക്കുകയാണ്. കുറ്റിയില്ലാത്ത ബാത്ത് റൂമിലാണ് അന്തേവാസികളായ സ്ത്രീകളെ കുളിക്കാന്‍ കയറ്റുന്നത്. കൊടിയ പീഡനങ്ങള്‍ നടക്കുന്ന യോഗാ സെന്ററില്‍ കൊലപാതകങ്ങള്‍ വരെ നടന്നിട്ടുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. യോഗ സെന്ററില്‍ എത്തിച്ചു മതം മാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ടവരില്‍ ഇതിനിടെ ഇസ്‌ലാം മതം സ്വീകരിച്ച കാസര്‍കോട് സ്വദേശിനി ആതിരയും ഉള്‍പ്പെടുന്നു. ആതിര ഇവിടെയെത്തിയപ്പോള്‍ അവള്‍ ധരിച്ചിരുന്ന ശിരോവസ്ത്രം ബലമായി അഴിപ്പിച്ചു. പിന്നീട് അത് ധരിക്കാന്‍ സമ്മതിച്ചില്ല. താത്പര്യമില്ലെന്നറിയിച്ചിട്ടും അവരെ കുറി തൊടുവിച്ചു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും ആതിര പറഞ്ഞിരുന്നു. കൗണ്‍സിലിംഗ് നടത്തിയെങ്കിലും മതംമാറാന്‍ ആതിരക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. ഹിന്ദുമതത്തിലേക്ക് തിരികെ മാറാമെന്ന് സമ്മതിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ നിന്ന് രക്ഷപ്പെടാനാകൂ. അങ്ങനെ സമ്മതിച്ചാണ് ആതിരയുള്‍പ്പെടെ ചിലര്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടത്.

മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും താന്‍ ഉള്‍ക്കൊള്ളുന്ന മതത്തേക്കാള്‍ മറ്റൊരു മതമാണ് ഉത്തമമെന്ന് ബോധ്യമായാല്‍ അതിലേക്ക് മാറാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. മിശ്രവിവാഹം രാജ്യത്ത് അംഗീകരിക്കപ്പെട്ടതാണ്. പ്രായപൂര്‍ത്തിയും പക്വതയുമെത്തിയവരും വിദ്യാസമ്പന്നരുമാണ് ഇന്ന് മതപരിവര്‍ത്തനം ചെയ്യുന്നവരില്‍ ഏറെയും. തികഞ്ഞ ബോധത്തോടെ, പഠനങ്ങള്‍ക്ക് ശേഷമാണ് പലരും സ്വന്തം മതം വിട്ടു മറ്റുള്ളവ തിരഞ്ഞെടുക്കുന്നത്. കൂട്ടത്തില്‍ കാര്യലാഭങ്ങള്‍ക്ക് വേണ്ടി മതം മാറുന്നവരുമുണ്ടാകാം. എങ്കില്‍ പോലും രാജ്യത്ത് അതംഗീകരിക്കപ്പെട്ടതാണ്. മതം മാറിയവരെ ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും പഴയ മതത്തിലേക്ക് തിരിച്ചു കൊഖണ്ടുവരാന്‍ ശ്രമിക്കുന്നത് മൗലികാവകാശ ലംഘനവും കടുത്ത കുറ്റവുമാണ്. തൃപ്പൂണിത്തുറ യോഗ സെന്ററില്‍ കൗണ്‍സിലിംഗെന്ന പേരില്‍ നടക്കുന്നത് ഇസ്‌ലാമിനെയും ക്രിസ്തീയ മതത്തെയും അപകീര്‍ത്തിപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ക്ലാസുകളും ഉപദേശങ്ങളുമാണെന്ന് അവിടെ നിന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുകയുണ്ടായി. സംഘ് പരിവാര്‍ ആസൂത്രണം ചെയ്ത ഘര്‍വാപസിയുടെ പ്രവര്‍ത്തന രീതികളാണിതെല്ലാം. ഇത്തരം അസഹിഷ്ണുതയും വര്‍ഗീയവെറിയും വെച്ചു പൊറുപ്പിക്കാവുന്നതല്ല. ആദര്‍ശ പ്രചാരണത്തിലൂടെയും ആശയ സംവാദങ്ങളിലൂടെയുമാണ് മതപ്രചാരണം നടത്തേണ്ടത്. വിദ്യാസമ്പന്നമായ ആധുനിക സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ കനപ്പെട്ട ആശയങ്ങളും യുക്തിഭദ്രമായ ആദര്‍ശങ്ങളും ഇല്ലാതെ വരുമ്പോഴാണ് ബലപ്രയോഗത്തിന്റെയും പ്രലോഭനങ്ങളുടെയും മാര്‍ഗം സ്വീകരിക്കേണ്ടി വരുന്നത്. രാജ്യത്ത് സംഘര്‍ഷത്തിനും കുഴപ്പങ്ങള്‍ക്കും വഴിമരുന്നിടുന്ന ഇത്തരം ചെയ്തികളെ ഭരണകൂടവും നിയമപീഠങ്ങളും ശക്തമായി ചെറുക്കേണ്ടതുണ്ട്. കോടതി ചൂണ്ടിക്കാട്ടിയത് പോലെ നിയമ വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന യോഗ സെന്ററിനെയും സമാന സാഹചര്യങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും മത സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.