ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

Posted on: September 26, 2017 10:01 pm | Last updated: September 27, 2017 at 9:23 am

ന്യൂഡല്‍ഹി മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. കോടതിയുടെ അധികാരത്തിനു പുറത്തുള്ളതാണു ഹര്‍ജിയെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സംഗീത സെഹ്ഗാള്‍ ജാമ്യാപേക്ഷ തള്ളിയത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

രാവിലെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ, കോടതിയില്‍ കീഴടങ്ങുന്നതായിരിക്കും നല്ലതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ വസതിയുള്ള, ഇവിടെ താമസമാക്കിയിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്കാണു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്നായിരുന്നു ഹണിപ്രീതിന്റെ അഭിഭാഷകന്റെ വാദം. ഹരിയാനയില്‍ ഹണിപ്രീതിന്റെ ജീവന്‍ അപകടത്തിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം ലഭിച്ചാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ ഉറപ്പുനല്‍കി.