ബ്രാഹ്മണനായാല്‍ മാത്രമേ ആര്‍ എസ് എസില്‍ സ്ഥാനമുള്ളൂവെന്ന് സുരേഷ് ഗോപിക്ക് ബോധ്യപ്പെട്ടു: കോടിയേരി

Posted on: September 26, 2017 2:06 pm | Last updated: September 26, 2017 at 2:06 pm

തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപി എം പിയെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബ്രാഹ്മണനായി ജനിച്ചാല്‍ മാത്രമേ ആര്‍ എസ് എസില്‍ സ്ഥാനം ലഭിക്കുകയുള്ളൂവെന്ന് എം പിക്ക് ഇപ്പോഴാണ് മനസ്സിലായതെന്ന് കോടിയേരി പറഞ്ഞു.

ബ്രാഹ്മണ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടു വരാനാണ് ആര്‍ എസ് എസ് ശ്രമം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ബ്രാഹ്മണനായാല്‍ മാത്രമേ രക്ഷയുള്ളൂവെന്ന് സുരേഷ്‌ഗോപിക്ക് അറിയാം. ഹിന്ദുവാകണമെന്ന് പറയുന്ന പാര്‍ട്ടിയുടെ എം പി ബ്രാഹ്മണനാകണമെന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിയതിന്റെ കാരണം ആര്‍ എസ് എസ് വ്യക്തമാക്കണം. ക്ഷത്രിയന്‍, ശൂദ്രന്‍, ബ്രാഹ്മണന്‍ തുടങ്ങിയ രീതികള്‍ മടക്കിക്കൊണ്ടു വന്ന് ജനത്തെ തമ്മിലടിപ്പിക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും കോടിയേരി ആരോപിച്ചു.