National
പാക്കിസ്ഥാന്റെ വ്യാജ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ

യുഎന്‍: തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി അടിസ്ഥാനരഹിത ആരോപണമുയര്‍ത്തിയ പാക്കിസ്ഥാന് ഐക്യരാഷ്ട്ര പൊതുസഭയില്‍ ശക്തമായ മറുപടി നല്‍കി ഇന്ത്യ. കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന്റെ വാദങ്ങള്‍ പൊളിച്ചത്. പാക്കിസ്ഥാന്‍ പിന്തുണക്കുന്ന തീവ്രവാദികള്‍ 2017 മേയില്‍ ഉമര്‍ ഫയാസിനെ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൗലോമി പറഞ്ഞു. ഈ ചിത്രം ക്രൂരവും ദയനീയവുമായ യാഥാര്‍ഥ്യമാണ് തുറന്നുകാട്ടുന്നതെന്ന് അവര്‍ പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരതയുടെ ദുരന്ത വശങ്ങള്‍ കശ്മീര്‍ ജനത ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മറച്ചുവെക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളുടെ ചിത്രമെന്ന് പറഞ്ഞ് ഒരു ഫലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥിരം പ്രതിനിധി മലീഹ ലോധി കഴിഞ്ഞ ദിവസം യുഎന്നില്‍ പ്രസംഗിച്ചിരുന്നു. കശ്മീരിലെ പെല്ലറ്റ് ആക്രമണത്തിനിടെയാണ് ഇവര്‍ക്ക് പരുക്കേറ്റതെന്നായിരുന്നു പാക് വാദം. എന്നാല്‍, 2014ല്‍ ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ പരുക്കേറ്റ റവ്യ അബ് ജോം എന്ന പതിനേഴുകാരിയുടെ ചിത്രമായിരുന്നു അത്.