Connect with us

Kerala

പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുമെന്ന് ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ. ഇതിനായി അടുത്ത മാസം രണ്ട് മുതല്‍ ഹരിതവാരം ആചരിക്കും. നട്ട മരങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ, ചെടി അവശേഷിക്കുന്നില്ലെങ്കില്‍ എന്ത് കൊണ്ടാണ് അത് നശിച്ച് പോയത്, എന്തെല്ലാമാണ് പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്.

2017-18 ലെ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം അഞ്ച് കോടി വൃക്ഷത്തൈകള്‍ നടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒരു കോടിയിലധികം തൈകളാണ് ഇതിനകം നട്ടത്. തൈകള്‍ നടാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിവിധ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ നയിക്കുന്ന പ്രത്യേക ടീമുകളാണ് കണക്കെടുപ്പും പരിശോധനയും നടത്തേണ്ടത്. പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് യോഗം ചേര്‍ന്ന് പൊതുവായി അവതരിപ്പിച്ച് പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. നഷ്ടപ്പെട്ട ഓരോ വൃക്ഷത്തൈക്കും പകരമായി അവിടെ മറ്റൊരു ഫലവൃക്ഷത്തൈ നടും. പരിശോധനാ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കും.
ഹരിതവാരത്തില്‍ ആദ്യ മൂന്ന് ദിവസം പരിശോധനക്കും രണ്ട് ദിവസം റിപ്പോര്‍ട്ട് തയ്യാറാക്കാനും ചെലവിടും. ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നട്ട തൈകളുടെ ഇപ്പോഴത്തെ അവസ്ഥ ഹരിതകേരളം മിഷന്‍ നേരിട്ട് ശേഖരിക്കും. സംസ്ഥാനത്തൊട്ടാകെ നട്ട തൈകളുടെ കണക്കെടുപ്പും നിലവിലെ സ്ഥിതിയും കൃഷിവകുപ്പിന്റെ “കാര്‍ഷിക വിവര സങ്കേതം” എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ ശേഖരിക്കും.

ജൂണ്‍ അഞ്ചിന് മുമ്പ് രണ്ട് കോടി വൃക്ഷത്തൈകള്‍ കൂടി നടാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വനംവകുപ്പ് തയ്യാറാക്കുന്ന വൃക്ഷത്തൈകള്‍ക്ക് പുറമേ ഹരിതകേരളം മിഷനും മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേര്‍ന്ന് ഇതിനാവശ്യമായ തൈകള്‍ തയ്യാറാക്കാനാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ഇതിനുള്ള പരിശീലനം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Latest