Connect with us

Business

രൂപയുടെ മൂല്യം ഇടിഞ്ഞു; ബോംബെ സെന്‍സെക്‌സ് 350 പോയിന്റ് താഴ്ന്നു

Published

|

Last Updated

വിദേശ ഓപ്പറേറ്റര്‍മാര്‍ മുന്‍ നിര ഓഹരികളില്‍ നടത്തിയ കനത്ത വില്‍പ്പനയെ തുടര്‍ന്ന് ബോംബെ സെന്‍സെക്‌സ് 350 പോയിന്റും നിഫ്റ്റി 121 പോയിന്റും പിന്നിട്ടവാരം ഇടിഞ്ഞു. വിദേശ നിക്ഷേപം തിരിച്ചു പിടിക്കാന്‍ ഫണ്ടുകള്‍ മത്സരിച്ചതിനിടയില്‍ വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന ഭീതിയാണ് വിദേശ ഓപ്പറേറ്റര്‍മാരെ ബാധ്യതകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിച്ചത്.

ജൂണില്‍ അവസാനിച്ച മുന്ന് മാസകാലയളവില്‍ സാമ്പത്തിക വളര്‍ച്ച മുന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 5.7 ശതമാനത്തിലേയ്ക്ക് ഇടിഞ്ഞു. രൂപയുടെ മുല്യം അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലാണ്. അടുത്ത വായ്പ്പാ അവലോകനത്തില്‍ കേന്ദ്ര ബേങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താം.

റിയാലിറ്റി ഇന്‍ഡക്‌സ് അഞ്ച് ശതമാനവും മെറ്റല്‍ ഇന്‍ഡ്കസ് നാല് ശതമാനവും ഇടിഞ്ഞു. കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ബാങ്കിങ്, ഓയില്‍ ആന്റ ഗ്യാസ്, എഫ് എം സി ജി, ഓട്ടോമൊബൈല്‍, ഐ റ്റി ഇന്‍ഡക്‌സുകളും തളര്‍ന്നു. അതേ സമയം ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് മാത്രമാണ് മികവ് നിലനിര്‍ത്തിയത്. മുന്‍ നിരയിലെ 31 ഓഹരികളില്‍ 22 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞു. ഒമ്പത് ഓഹരികള്‍ കരുത്ത് കാണിച്ചു.
ഐ സി ഐ സി ഐ ബേങ്ക് ഓഹരി വില അഞ്ച് ശതമാനത്തില്‍ അധികം ഇടിഞ്ഞു. എസ് ബി ഐ 3.73 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.07 ശതമാനവും താഴ്ന്നു. എല്‍ ആന്‍ഡ് റ്റി, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്പ് തുടങ്ങിയവക്ക് തളര്‍ച്ച. ഡോ: റെഡീസ് 11 ശതമാനം മികവുമായി 2456 രൂപയിലെത്തി. എച്ച് ഡി എഫ് സി, ടാറ്റാ മോട്ടേഴ്‌സ്, സിപ്ല, വിപ്രോ തുടങ്ങിയവയുടെ നിരക്ക് വര്‍ധിച്ചു.

ബോംബെ സൂചിക 32,524 പോയിന്റ് വരെ തുടക്കത്തില്‍ കയറി. ഉയര്‍ന്ന റേഞ്ചില്‍ ഫണ്ടുകള്‍ വില്‍പ്പനകരായതോടെ സൂചിക വാരാന്ത്യം 31,922 ലേയ്ക്ക് നീങ്ങി. ഈ വാരം വിപണിയുടെ താങ്ങ് 31,697-31,472 പോയിന്റിലാണ്. മുന്നേറിയാല്‍ 32,335-32,748 ല്‍ തടസം നേരിടാം.
നിഫ്റ്റിക്ക് 10,000 പോയിന്റിലെ താങ്ങ് നഷ്ട്ടപ്പെട്ടു. തിങ്കളാഴ്ച്ച സൂചിക 10,179 വരെ കയറിയെങ്കിലും 10,155 ന് മുകളില്‍ ക്ലോസിങില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇത് വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇടയാക്കിയതോടെ 9952 വരെ ഇടിഞ്ഞ നിഫ്റ്റി വാരാന്ത്യം 9964 ലാണ്.
പിന്നിട്ടവാരം ബി എസ് ഇ യില്‍ 25,207 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 1,47,214 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
കൊറിയന്‍ സംഘര്‍ഷാവസ്ഥ ഏഷ്യന്‍ ഓഹരി ഇന്‍ഡക്‌സുകളെ തളര്‍ത്തി. ക്രൈഡിറ്റ് റേറ്റിങ് ഏജന്‍സിയായ എസ് ആന്റ പി ചൈനയുടെ റേറ്റിങ് താഴ്ത്തി. യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ പലതും ചാഞ്ചാടി. മൂഡിസ് ബ്രട്ടന്റെ റേറ്റിങില്‍ കുറവ് വരുത്തിയത് ഓഹരി സൂചികയെും പൗണ്ടിന്റെ വിനിമയ മൂല്യത്തെയും തളര്‍ത്തി. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക തളര്‍ന്നു.

1319 ഡോളറില്‍ നിന്ന് സ്വര്‍ണ വില 1300 ഡോളറിലെ താങ്ങ് തകര്‍ത്ത് 1297 ഡോളറായി. ഈ വാരം സ്വര്‍ണത്തിന് 1281 ഡോളറില്‍ താങ്ങും 1334 ഡോളറില്‍ പ്രതിരോധവുമുണ്ട്. ഉത്തരേന്ത്യയില്‍ പത്ത് ഗ്രാം സ്വര്‍ണ വില 29,740 ല്‍ നിന്ന് 29,625 ലേക്ക് താഴ്ന്നു. പത്ത് ഗ്രാം തങ്കത്തിന്റെ വില 29,775 രൂപയിലാണ്.

---- facebook comment plugin here -----

Latest