തോമസ് ചാണ്ടിയുടെ അഴിമതിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു: രമേശ് ചെന്നിത്തല

Posted on: September 24, 2017 3:00 pm | Last updated: September 25, 2017 at 1:00 pm

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ അഴിമതിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വിജിലന്‍സിനെ വന്ധീകരിച്ചെന്നും ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്ന് വിഎം സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം. അഴിമതിക്ക് എതിരെ പുരപ്പുറത്ത് ഇരുന്ന് സംസാരിച്ച പിണറായി ഇപ്പോള്‍ അഴിമതിക്ക് കുട പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് തോമസ് ചാണ്ടി സമ്മതിച്ച സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണം. മോഷണം നടത്തിയിട്ട് മോഷണ വസ്തു തിരിച്ച് നല്‍കിയാല്‍ മോഷണം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

നിഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ അന്വേഷണം നടക്കുന്നതിന് തോമസ് ചാണ്ടി മന്ത്രി പദത്തില്‍ ഇരിക്കുന്നത് തടസ്സമുണ്ടാക്കും. അഴിമതി നടത്തുന്നതിനു വേണ്ടി വിജിലന്‍സിനെ വന്ധീകരിച്ചു. ചെന്നിത്തല ആരോപണം ഉന്നയിച്ചു. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്ന് വി എം സുധീരന്‍ പറഞ്ഞു.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് റവന്യുമന്ത്രിക്ക് കത്ത് നല്‍കും.