സൂകിയുടെ രണ്ട് മുഖങ്ങള്‍

അധികാരത്തിലെത്തി 18 മാസം കഴിഞ്ഞെങ്കിലും ഭരണ യന്ത്രം തന്റെ സര്‍ക്കാറിന്റെ കൈയില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് സൂകി സമ്മതിക്കുന്നുണ്ട്. അത് വസ്തുതയാണ്. സൈന്യത്തിന്റെ കൈയില്‍ തന്നെയാണ് ഇപ്പോഴും ചരടുള്ളത്. ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് സൈന്യം പ്രയോഗിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ സൂകിയുടെ പ്രതിച്ഛായ തകര്‍ക്കുന്നു. റോഹിംഗ്യകളെ കൂടുതല്‍ അക്രമിച്ചും കൊന്നുമാണ് ഇത് സാധ്യമാക്കുന്നത്. ആഭ്യന്തരതലത്തിലാകട്ടേ സൂകിയെ ദുര്‍ബലയായ ഭരണകര്‍ത്താവാക്കി മാറ്റുന്നു. പേടിച്ചരണ്ട് കഴിയുന്ന എറാന്‍മൂളിയായി അവര്‍ അധഃപതിക്കുന്നത് സൈനിക നേതൃത്വം ആസ്വദിക്കുന്നു. ജനാധിപത്യ പ്രക്ഷോഭം അവരില്‍ നിക്ഷിപ്തമാക്കിയ ഒരു കടമയുണ്ടായിരുന്നു. ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയെന്നതായിരുന്നു അത്. ആ കടമ അവര്‍ നിര്‍വഹിച്ചില്ല എന്നതാണ് ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. സൂകിയുടെ രണ്ട് മുഖങ്ങള്‍
ലോകവിശേഷം
Posted on: September 24, 2017 10:50 am | Last updated: September 24, 2017 at 10:53 am

ലക്ഷക്കണക്കായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പലായനം ചെയ്യുകയും നൂറ് കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ആംഗ് സാന്‍ സൂകി വാ തുറന്നിരിക്കുന്നു. ലോകത്തെ ഏറ്റവും ക്രൂരമായ വംശഹത്യക്ക് വിധേയമാകുന്ന ജനതയെന്ന് യു എന്‍ വിശേഷിപ്പിച്ച റോഹിംഗ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പൊതു സഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നും അട്ടഹാസത്തേക്കാള്‍ ഭീകരമായ മൗനം പുലര്‍ത്തിയും താന്‍ ഇക്കാലമത്രയും ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്ന മൂല്യങ്ങളെ ഓരോന്നായി അരിഞ്ഞു വീഴ്ത്തുകയായിരുന്നു ഈ നൊബേല്‍ സമ്മാന ജേതാവ്. ജനാധിപത്യ പേരാട്ടത്തിന്റെ നാളുകളില്‍ നെല്‍സണ്‍ മണ്ടേലക്കും മഹാത്മാ ഗാന്ധിക്കുമൊപ്പം വെച്ച് ആദരിക്കപ്പെട്ട പേരായിരുന്നു സൂകി. ധീരതയുടെയും ആര്‍ജവത്തിന്റേയും സ്ഥൈര്യത്തിന്റെയും പ്രതീകം. പക്ഷേ, അധികാരം കൈവന്നപ്പോള്‍ സ്വന്തം ജനതയില്‍ ഒരു വിഭാഗം അനുഭവിക്കുന്ന ഒടുങ്ങാത്ത അന്യവത്കരണം അവസാനിപ്പിക്കാന്‍ അവര്‍ ഒന്നും ചെയ്തില്ല.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഭൂരിപക്ഷത്തിന്റെ പ്രലോഭനത്തില്‍ വീണു കഴിഞ്ഞിരുന്നു സൂകി. എങ്കിലും, സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ അനുവദിക്കണമെന്ന് മാത്രം കേഴുന്ന റോഹിംഗ്യന്‍ ജനതക്ക് വേണ്ടി അധികാരിയായി കഴിഞ്ഞ സൂകി എന്തെങ്കിലും ചെയ്യുമെന്ന് ലോകം പ്രതീക്ഷിച്ചു. പക്ഷേ, മ്യാന്‍മറില്‍ ജനാധിപത്യത്തിന്റെ അര്‍ഥം തന്നെ മാറുന്നതാണ് കണ്ടത്. എല്ലാ ദേശ രാഷ്ട്രങ്ങളിലും അവ കെട്ടിപ്പടുത്ത ദേശീയ ഘടകത്തിന് പുറത്ത് നില്‍ക്കുന്നവരെ കാണാനാകും. ഭാഷയാണ് പൊതു ഘടകമെങ്കില്‍ ആ ഭാഷ സംസാരിക്കാത്തവര്‍ അതിര്‍ത്തിക്കകത്ത് ഉണ്ടാകും. പൊതു ധാരയില്‍ നിന്ന് വ്യത്യസ്തമായി നിലകൊള്ളുന്ന മതവിഭാഗങ്ങള്‍, സാംസ്‌കാരിക വിഭാഗങ്ങള്‍, ഭാഷാ വിഭാഗങ്ങള്‍ തുടങ്ങിയവ. അവരെയാണ് ന്യൂനപക്ഷങ്ങള്‍ എന്ന് വിളിക്കുന്നത്. ഈ അപരത്വത്തെ അഭിസംബോധന ചെയ്യുകയെന്നത് ദേശരാഷ്ട്രങ്ങളുടെ പ്രാഥമികമായ കടമയാണ്. അത് ചെയ്യാതിരിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മാത്രം യുക്തിക്ക് രാഷ്ട്രം കീഴ്‌പ്പെടും. അപ്പോഴാണ് ജനാധിപത്യം ആള്‍ക്കൂട്ടത്തിന്റെ ആവിഷ്‌കാരമാകുന്നത്. ആള്‍ക്കൂട്ടത്തിന് അക്രമോത്സുകതയുടെ രാഷ്ട്രീയം മാത്രമേയുള്ളൂ. ആള്‍ക്കൂട്ടമായി ചുരുങ്ങിപ്പോയ ജനാധിപത്യം ഫാസിസത്തേക്കാള്‍ അപകടകരമാണ്. അതാണ് മ്യാന്‍മറില്‍ വന്നുവെന്ന് പറയുന്ന ജനാധിപത്യം.

ഒരു കാലത്ത് സൂകിയെ പിന്തുണച്ച പൗരാവകാശ പ്രവര്‍ത്തകരും ചിന്തകന്‍മാരും എഴുത്തുകാരുമെല്ലാം ഈ ആള്‍ക്കൂട്ട ജനാധിപത്യത്തിന്റെ അപകടം തിരിച്ചറിഞ്ഞതോടെയാണ് അവരെ നിഷ്‌കരുണം തള്ളിപ്പറയാന്‍ തുടങ്ങിയത്. അങ്ങനെ സംജാതമായ ഒറ്റപ്പെടലിന്റെ ജാള്യമാണ് സൂകിയെ വാ തുറക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രത്തോടുള്ള അഭിസംബോധന അരമണിക്കൂറാണ് നീണ്ടു നിന്നത്. അവര്‍ സംസാരിച്ചത് സ്വന്തം ജനതയോടല്ല ലോകത്തോടായതിനാല്‍ ഇംഗ്ലീഷ് തിരഞ്ഞെടുത്തു. റോഹിംഗ്യ എന്ന പദം ഒരിക്കല്‍ പോലും പ്രയോഗിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഈ മനുഷ്യരെ അന്യവത്കരിക്കാന്‍ പട്ടാള ഭരണ കൂടം ചെയ്ത ആദ്യത്തെ ക്രൂരത റോഹിംഗ്യ എന്ന പ്രയോഗം ഔദ്യോഗിക വഴക്കങ്ങളില്‍ നിന്ന് നിഷ്‌കാസനം ചെയ്യുകയായിരുന്നു. സൂകിയും അത് തന്നെ ചെയ്തു. അതിന് അവര്‍ പിന്നീട് നല്‍കിയ വിശദീകരണം, സമൂഹത്തില്‍ വിഭജനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ആ പദം ബോധപൂര്‍വം ഒഴിവാക്കിയത് എന്നാണ്. ഭൂരിപക്ഷത്തിന് ഇഷ്ടമല്ലാത്ത പദങ്ങള്‍ അങ്ങനെയാണ്. അത് വിഭജനം സൃഷ്ടിക്കുന്നതും രാജ്യദ്രോഹപരവുമാകും. റാഖിനെ പ്രവിശ്യയിലെ മുസ്‌ലിം ജനവിഭാഗം ഉപയോഗിക്കുന്ന പ്രാദേശിക ഭാഷാ വഴക്കത്തിന്റെ പേരാണ് റോഹിംഗ്യ. അവരുടെ സാംസ്‌കാരിക ഐഡന്റിറ്റിയാണ് അത്. അവര്‍ അവിടെ പരമ്പരാഗതമായി ജീവിച്ചിരുന്നുവെന്നതിന് ഒരേയൊരു തെളിവാണ് ഈ പേര്. ഈ പേര് ഉച്ചരിക്കാതിരുന്നതോടെ പട്ടാളത്തിന്റെ ചൊല്‍പ്പടിയില്‍ നിന്ന് ഒരിഞ്ചും മുന്നോട്ട് പോകാന്‍ സൂകിക്ക് സാധിച്ചില്ലെന്ന് വ്യക്തമായിരിക്കുന്നു.

റാഖിനെയിലെ സംഘര്‍ഷത്തില്‍ വേദനയനുഭവിച്ച എല്ലാവരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആശങ്ക രേഖപ്പെടുത്തുന്നുവെന്നും പറയാനുള്ള സൗമനസ്യം അവര്‍ കാണിച്ചു. പക്ഷേ അതില്‍ അപകടകരമായ ഒരു സാമാന്യവത്കരണമുണ്ട്. സംഘര്‍ഷഭരിതമായ ഒരു സമൂഹത്തില്‍ സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഇരകള്‍ മാത്രമല്ല അനുഭവിക്കേണ്ടി വരുക. അതാണ് റാഖിനെയിലെ മരമാഗി ഹിന്ദു വിഭാഗത്തില്‍ ചിലര്‍ക്ക് കുടിലുകള്‍ നഷ്ടപ്പെട്ടു എന്ന് പറയുന്നത്. തീര്‍ച്ചയായും ഇത് പ്രധാനം തന്നെയാണ്. പക്ഷേ, ആക്രമണ മുന അവരിലേക്കല്ല നീളുന്നത്. അവരല്ല വംശഹത്യക്ക് വിധേയമാകുന്നത്. സംഘര്‍ഷത്തിന്റെ പാര്‍ശ്വങ്ങളിലേക്ക് നോക്കി സാമാന്യവത്കരണത്തിന് മുതിരുമ്പോള്‍ സൂകി യഥാര്‍ഥ പ്രശ്‌നത്തെ മറച്ചു വെക്കുകയെന്ന കൊടും പാതകമാണ് ചെയ്യുന്നത്. മഹാസങ്കടത്തെ പ്രതീതി സങ്കടം കൊണ്ട് മറച്ചു പിടിക്കുന്ന നെറികേട് മാത്രമാണ് ഈ കണ്ണീര്‍.

‘ഗ്രാമങ്ങള്‍ കത്തിയെരിഞ്ഞിരിക്കുന്നു, ആയിരങ്ങള്‍ പലായനം ചെയ്തിരിക്കുന്നു. നമ്മുടെ പല സുഹൃത്തുക്കളും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതില്‍ നമുക്കും ആശങ്കയുണ്ട്. എന്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കേള്‍ക്കുന്നുണ്ട്. ഇതിനിടയില്‍ നിന്ന് യാഥാര്‍ഥ്യം വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്- നോക്കൂ എത്ര മനോഹരമായാണ് സൂകി പ്രസംഗിക്കുന്നത്? എന്താണ് പറയുന്നത്? ഗ്രാമങ്ങള്‍ കത്തിക്കുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും മനുഷ്യരെ പച്ചക്ക് കൊല്ലുന്നതും ആട്ടിയോടിക്കുന്നതും ആരാണെന്ന് അറിയില്ലെന്നോ? സൈന്യത്തെയും ബുദ്ധ ഭൂരിപക്ഷത്തെയും ന്യായീകരിക്കാന്‍ എത്ര ഭീകരമായാണ് സൂകി തരം താഴുന്നത്? കാരണം ഇനിയും കണ്ടെത്തണം പോലും. മാസങ്ങള്‍ക്ക് മുമ്പ് അവര്‍ തന്നെയാണല്ലോ യു എന്നിന്റെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തില്‍ കമ്മീഷനെ വെച്ചത്. ആ കമ്മീഷന്റെ കണ്ടെത്തലുകള്‍ മാത്രം വായിച്ചാല്‍ അവര്‍ക്ക് മനസ്സിലാകും, എന്താണ് നടക്കുന്നതെന്ന്. അതില്‍ അന്നാന്‍ വ്യക്തമായി പറയുന്നു; ബുദ്ധ ഭൂരിപക്ഷം സൈന്യത്തിന്റെ സഹായത്തോടെ ആസൂത്രിത ആക്രമണം നടത്തുകയാണ്. കുറ്റം ചെയ്തവര്‍ ആരെന്ന് വ്യക്തമായിട്ടും അത് സമ്മതിക്കാതിരിക്കുന്നത് ഇരകളെ വീണ്ടും അധിക്ഷേപിക്കുന്നതിനും വേട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണ്. പുറപ്പെട്ടു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ ഒരുക്കമാണെന്നാണ് സൂകി പറയുന്ന മറ്റൊരു കാര്യം. അന്താരാഷ്ട്ര വിമര്‍ശനത്തെ തണുപ്പിക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണ് അത്. അഭയാര്‍ഥികള്‍ എങ്ങോട്ടാണ് തിരിച്ചു വരേണ്ടത്? ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന തീവ്രവാദികളുടെ നാട്ടിലേക്കോ? അക്രമികള്‍ക്ക് സംരക്ഷണമൊരുക്കുന്ന സൈന്യവും പോലീസുമുള്ളിടത്തേക്കോ? ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ സൂകി പറയേണ്ടിയിരുന്നത് വരുന്നവര്‍ക്ക് സമ്പൂര്‍ണ സുരക്ഷയൊരുക്കുമെന്നായിരുന്നു. ആത്മവിശ്വാസം കൊടുക്കുകയെന്നത് ഭരണാധികാരിയുടെ പ്രാഥമികമായ കടമയാണല്ലോ.

അന്താരാഷ്ട്ര വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്ന ദുര്‍ബലമായ വാദം അവര്‍ ഉയര്‍ത്തുന്നുണ്ട്. പ്രതിച്ഛായാ നഷ്ടത്തെ അവര്‍ ഭയക്കുന്നുണ്ട് എന്നതിന് ഈ പ്രസംഗം തന്നെ തെളിവ്. മൗനത്തിന്റെ സുരക്ഷിത താവളത്തില്‍ നിന്ന് അവര്‍ പുറത്ത് വന്നത് പ്രതിച്ഛായ ഓര്‍ത്ത് മാത്രമാണല്ലോ. പക്ഷേ, യു എന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും മ്യാന്‍മറിനെതിരെ ഉയര്‍ന്നു വരുന്ന പ്രമേയങ്ങളെ അവര്‍ ഭയക്കുന്നില്ലെന്നത് ശരിയാണ്. ആ ആത്മവിശ്വാസം അവര്‍ക്ക് നല്‍കുന്നത് ചൈനയാണ്. മ്യാന്‍മറിലെ ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലയില്‍ ചൈനക്ക് വന്‍ മുതല്‍ മുടക്കുണ്ട്. പാശ്ചാത്യര്‍ കണ്ണുവെച്ച പ്രകൃതി വാതക നിക്ഷേപത്തില്‍ പിടിമുറുക്കാനായി ചൈന ഏതറ്റം വരെയും മ്യാന്‍മറിനെ ന്യായീകരിക്കും. സിന്‍ജിയാംഗിലെ മുസ്‌ലിംകളോട് ഇതേ നിലപാട് സ്വീകരിക്കുന്ന ചൈനക്ക് വംശീയമായി തന്നെ ബുദ്ധ ഭൂരിപക്ഷത്തോട് അണി ചേരാനാകും.
ആഗസ്റ്റ് 25ന് നടന്ന പോലീസ് സ്റ്റേഷന്‍ ആക്രമണമാണ് എല്ലാം തകിടം മറിച്ചതെന്ന കളവ് സൂകി ആവര്‍ത്തിക്കുന്നു. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ രക്ഷക വേഷമണിഞ്ഞ് ചില അതിവൈകാരിക ഗ്രൂപ്പുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുസംഘമാണ് അത്. അവര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത് കൊണ്ടല്ല അവിടെ ആട്ടിയോടിക്കല്‍ നടന്നത്. ഉന്‍മൂലനം ദശകങ്ങളായി തുടരുന്നതാണ്. ഇപ്പറഞ്ഞ ആഗസ്റ്റില്‍ തന്നെ ആയിരക്കണക്കിന് റോഹിംഗ്യകളെ ബുദ്ധസംഘം ബന്ദിയാക്കിയിരുന്നു. ഗ്രാമം വളയുകയായിരുന്നു. അകത്ത് എന്തൊക്കെ നടന്നുവെന്ന് ഇന്നും പുറത്ത് വന്നിട്ടില്ല. ആ ഗ്രാമത്തില്‍ ഇന്ന് ഒരു മനുഷ്യനുമില്ല. സൂകിയെപ്പോലുള്ളവര്‍ക്ക് ന്യായീകരണമൊരുക്കാനുള്ള അവസരം നല്‍കുകയാണ് പ്രതിരോധ ഗ്രൂപ്പുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ചെയ്യുന്നത്.

അധികാരത്തിലെത്തി 18 മാസം കഴിഞ്ഞെങ്കിലും ഭരണ യന്ത്രം തന്റെ സര്‍ക്കാറിന്റെ കൈയില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് സൂകി സമ്മതിക്കുന്നുണ്ട്. അത് വസ്തുതയാണ്. സൈന്യത്തിന്റെ കൈയില്‍ തന്നെയാണ് ഇപ്പോഴും ചരടുള്ളത്. ദേശീയ സംസ്ഥാന നിയമസഭകളില്‍ 25 ശതമാനം സീറ്റ് സൈന്യത്തിനുള്ളതാണ്. ഇവയിലേക്കുള്ള അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവരല്ല. സൈന്യാധിപന്‍ നാമനിര്‍ദേശം ചെയ്യുകയാണ്. പ്രതിരോധം, ആഭ്യന്തരം, അതിര്‍ത്തി രക്ഷ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതും സൈന്യമാണ്. ഈ നില മാറണമെങ്കില്‍ ഇനിയും പ്രക്ഷോഭം നടക്കണം. ഭരണഘടനാ ഭേദഗതി വരണം. പ്രക്ഷോഭത്തിന്റെ ആ സാധ്യത അടയ്ക്കുകയാണ് സൈന്യം ഇപ്പോള്‍ ചെയ്യുന്നത്. ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് സൈന്യം പ്രയോഗിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ സൂകിയുടെ പ്രതിച്ഛായ തകര്‍ക്കുന്നു. റോഹിംഗ്യകളെ കൂടുതല്‍ അക്രമിച്ചും കൊന്നുമാണ് ഇത് സാധ്യമാക്കുന്നത്. ആഭ്യന്തരതലത്തിലാകട്ടേ സൂകിയെ ദുര്‍ബലയായ ഭരണകര്‍ത്താവാക്കി മാറ്റുന്നു. പേടിച്ചരണ്ട് കഴിയുന്ന എറാന്‍മൂളിയായി അവര്‍ അധഃപതിക്കുന്നത് സൈനിക നേതൃത്വം ആസ്വദിക്കുന്നു. പുറത്ത് സൈന്യത്തോളം ക്രൂരതയുള്ള മുഖച്ഛായയാണ് സൂകിക്ക്. അകത്ത് ചരടിലാടുന്ന പാവയുടെ മുഖച്ഛായയും.

ജനാധിപത്യ പ്രക്ഷോഭം അവരില്‍ നിക്ഷിപ്തമാക്കിയ ഒരു കടമയുണ്ടായിരുന്നു. ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയെന്നതായിരുന്നു അത്. ആ കടമ അവര്‍ നിര്‍വഹിച്ചില്ല എന്നതാണ് ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് 1962ല്‍ ഭരണം പിടിച്ച പട്ടാള മേധാവി നേ വിന്നിന്റെ സാമൂഹിക വീക്ഷണത്തില്‍ നിന്ന് ഒരു അടി പോലും മുന്നോട്ട് പോകാന്‍ സൂകിക്ക് സാധിച്ചിട്ടില്ല. ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ബുദ്ധപാരമ്പര്യത്തെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു നേ വിന്‍ തന്റെ അധികാരം സംരക്ഷിക്കാന്‍ ചെയ്തത്. എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും ഈ തന്ത്രം പയറ്റിയിട്ടുണ്ട്. ഔദ്യോഗിക ചിഹ്നങ്ങളെ സമ്പൂര്‍ണമായി ബുദ്ധവത്കരിച്ചു. ഭൂരിപക്ഷത്തിന്റെ സാഹിത്യത്തെയും സംസ്‌കാരത്തെയും രാഷ്ട്രത്തിന്റെയാകെ പ്രതീകമാക്കി മാറ്റുകയായിരുന്നു. നൂറിലധികം വംശീയ വിഭാഗങ്ങളുള്ള അത്യന്തം വൈവിധ്യപൂര്‍ണമായ പോളിറ്റി നിലനില്‍ക്കുന്ന രാജ്യത്തിന്റെ സങ്കലിത ദേശീയതയെ എണ്ണത്തില്‍ ഭൂരിപക്ഷമാണ് എന്ന ഒറ്റക്കാരണത്താല്‍ ബുദ്ധ ദേശീയതക്ക് തീറെഴുതുകയാണ് പട്ടാള ഭരണകൂടം ചെയ്തത്. ഭൗതികവാദത്തിന്റെ വേഷപ്രച്ഛന്നത സ്വീകരിച്ച മതരാഷ്ട്രമാണ് പട്ടാളം സ്ഥാപിച്ചത്. റോഹിംഗ്യാ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രവിശ്യയുടെ പേര് നേരത്തേ അരാക്കന്‍ എന്നായിരുന്നു. പട്ടാളഭരണകൂടം അതിനെ റാഖിനെ എന്ന് മാറ്റിയെഴുതുകയായിരുന്നു. അരാക്കന്‍ എന്ന പദത്തിന് പ്രാദേശികമായ തലമാണ് ഉള്ളതെങ്കില്‍ റാഖിനെക്ക് തികച്ചും ബുദ്ധപാരമ്പര്യമാണ് ഉള്ളത്. പിന്നെ പിറന്ന നിയമങ്ങളത്രയും ന്യൂനപക്ഷങ്ങളെ പൗരന്‍മാരല്ലാതാക്കി മാറ്റുന്നതും ഭൂരിപക്ഷ വികാരം ജ്വലിപ്പിച്ച് നിര്‍ത്തുന്നതുമായിരുന്നു. ഇതേ നിലപാടാണ് സൂകിയും അധികാരം പിടിക്കാന്‍ ഉപയോഗിച്ചത്. ഒരു നിയമത്തിലും തൊടാന്‍ അവര്‍ തയ്യാറായില്ല. തനിക്ക് ബദല്‍ കാഴ്ചപ്പാടുണ്ടെന്ന് പറയാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. സൈന്യം കുഴിച്ച കുഴിയില്‍ വീണ് കിടക്കുകയാണ് അവര്‍.

റോഹിംഗ്യകള്‍ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ മുഖ്യധാരയില്‍ കണ്ണിചേര്‍ക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലേക്ക് ഉയര്‍ന്ന് കൊണ്ട് മാത്രമേ സൂകിക്ക് ഇനി സ്വന്തത്തോട് നീതി പൂലര്‍ത്താനാകൂ. അതിന് ഒരു പക്ഷേ അവര്‍ അധികാരം വിട്ടൊഴിയേണ്ടി വരും. 1962ല്‍ ജനാധിപത്യ മന്ത്രിസഭയെ അട്ടിമറിച്ച് സൈന്യം ഭരണം പിടിക്കുകയും റോഹിംഗ്യകള്‍ക്കുള്ള എല്ലാ പരിരക്ഷകളും അവസാനിക്കുകയും ചെയ്യുന്നത് വരെ റോഹിംഗ്യകള്‍ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു. നിരവധി പേര്‍ നിയമനിര്‍മാണ സഭയുടെയും സര്‍ക്കാറിന്റെയും ഭാഗമായി. പട്ടാളം വന്നതോടെ റോഹിംഗ്യന്‍ രാഷ്ട്രീയ ആവിഷ്‌കാരത്തിന്റെ ഒരു ഘട്ടം അവസാനിക്കുകയും മറ്റൊരു ഘട്ടം ആരംഭിക്കുകയുമായിരുന്നു. പട്ടാളവിരുദ്ധ, ജനാധിപത്യ പോരാട്ടത്തില്‍ അതിശക്തമായ സാന്നിധ്യമായി മുസ്‌ലിം നേതാക്കള്‍ മാറി. 1982ല്‍ പൗരത്വ നിയമം കൊണ്ടുവന്ന്, റോഹിംഗ്യകളെ രാഷ്ട്രരഹിതരാക്കി മാറ്റിയാണ് ഇതിന് പട്ടാള ഭരണകൂടം പകരം വീട്ടിയത്. ജനാധിപത്യത്തിനായുള്ള 8888 പ്രസ്ഥാനത്തില്‍ റോഹിംഗ്യകള്‍ സജീവമായി. ഈ പ്രക്ഷോഭപരമ്പരയാണ് സൂകി എന്ന നേതാവിനെ സൃഷ്്ടിച്ചത്. അന്നത്തെ സമരസഖാക്കളെ ആര് മറന്നാലും സൂകിക്ക് മറക്കാനാകുമോ? ആ പോരാട്ട വീര്യം അവര്‍ പുറത്തെടുക്കണം.