നഴ്‌സറി കുട്ടികളെ പോലെ കലപില കൂടരുത്: ട്രംപിനോടും കിമ്മിനോടും റഷ്യ

Posted on: September 23, 2017 10:58 am | Last updated: September 23, 2017 at 6:57 pm

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയും അമേരിക്കയും ശാന്തരാകണമെന്ന് റഷ്യ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നും തമ്മില്‍ വാക് തര്‍ക്കം മുറുകുന്നതിനിടെയാണ് സമാധാന ആഹ്വാനവുമായി റഷ്യ എത്തിയത്. ഇരുവരും നഴ്‌സറി കുട്ടികളെ പോലെ കലപില കൂടരുതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആവശ്യപ്പെട്ടു. വികാരപരമായി കാര്യങ്ങളെ സമീപിക്കരുതെന്നും ലാവ്‌റോവ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് പരിധി വിടുന്ന ഘട്ടത്തിലാണ് റഷ്യയുടെ ഇടപെടല്‍. ‘തലയ്ക്കു സ്ഥിരതയില്ലാത്ത യുഎസ് വൃദ്ധന്‍’ എന്നാണ് കഴിഞ്ഞ ദിവസം കിം ജോംഗ് ഉന്‍ ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്ക എന്ത് പ്രതീക്ഷിച്ചാലും അതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്ന താക്കീതും ഉന്‍ നല്‍കിയിരുന്നു. കിമ്മിന്റെ പ്രയോഗങ്ങള്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയാണ് ട്രംപ് നല്‍കിയത്. ‘സ്വന്തം ജനത്തെ പട്ടിണിക്കിടാനോ കൊല്ലാനോ മടിയില്ലാത്ത ഭ്രാന്തന്‍’ എന്നായിരുന്നു ട്രംപിന്റെ തിരിച്ചടി. ഉത്തര കൊറിയയും അവരുടെ ‘റോക്കറ്റ് മനുഷ്യനും’ ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് യുഎന്‍ പൊതുസഭയിലും ട്രംപ് വ്യക്തമാക്കിയിരുന്നു.