ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Posted on: September 22, 2017 11:29 pm | Last updated: September 22, 2017 at 11:29 pm

ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. തീവ്രവാദത്തിന്റെ മറുവാക്കാണ് പാക്കിസ്ഥാനെന്നും ആഗോളതലത്തില്‍ തീവ്രവാദം ഉത്പാദിപ്പിക്കുകയും കയറ്റിയയക്കുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

പാക്കിസ്ഥാനെ ‘ടെററിസ്ഥാന്‍’ എന്നാണ് വിളിക്കേണ്ടത്. ഉസാമാ ബിന്‍ ലാദനെ സംരക്ഷിക്കുകയും മുല്ലാ ഉമറിന് അഭയം നല്‍കുകയും ചെയ്ത പാക്കിസ്ഥാന്‍ ഇവരെ ഇരകളെ പോലെയാണ് കണ്ടതെന്നും യു എന്‍ പൊതുസഭയില്‍ ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ യു എന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു എന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശാഹിദ് കാഖന്‍ അബ്ബാസി സംസാരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

കുറഞ്ഞകാലത്തെ ചരിത്രത്തിനിടെ പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ പര്യായപദമായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാന്റെ വിവരണാത്മകമായ രീതിയിലുള്ള വളച്ചൊടിക്കലുകളും വഞ്ചനയും തട്ടിപ്പും എല്ലാ അയല്‍രാജ്യങ്ങള്‍ക്കും സുപരിചിതമാണെന്ന് യു എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.

തീവ്രവാദ സംഘടനയായി ഐക്യരാഷ്ട്രസഭ പരിഗണിച്ച ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് മുഹമ്മദ് സഈദിനെ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാക്കുകയാണ്. ആഗോള തീവ്രവാദി നേതാക്കള്‍ക്ക് സുരക്ഷിത താവളമൊരുക്കുക വഴിയോ രാഷ്ട്രീയ മുഖം നല്‍കിയോ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ജമ്മു കശ്മീര്‍ എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ്. വികസനത്തിനും മറ്റുമുള്ള കോടിക്കണക്കിന് ഡോളര്‍ വരുന്ന അന്താരാഷ്ട്ര സഹായം പാക്കിസ്ഥാന്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും ഈനം ഗംഭീര്‍ കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയത്തില്‍ യു എന്‍ പ്രത്യേക ദൗത്യസംഘത്തെ നിയമിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ താലിബാന് സുരക്ഷിത താവളങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ചൈന ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈന നിര്‍ദേശിച്ചു. ചര്‍ച്ചകളും ആശയവിനിയമയങ്ങളും ഇന്ത്യയും പാക്കിസ്ഥാനും വര്‍ധിപ്പിക്കുമെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് യു എന്നിലെ ചൈനയുടെ പ്രതിനിധി വ്യക്തമാക്കി.