Connect with us

Kerala

ഹാദിയക്കായി മനുഷ്യാവകാശ കമീഷനും വനിത കമീഷനും അടിയന്തരമായി ഇടപെടണമെന്ന് സച്ചിദാനന്ദന്‍

Published

|

Last Updated

തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് ഗുരുതരമായ പൗരാവകാശ, മനുഷ്യാവകാശ പ്രശ്‌നങ്ങളാണെന്ന് കവി കെ. സച്ചിദാനന്ദന്‍, എഴുത്തുകാരി ഡോ. ജെ. ദേവിക, സാമൂഹികപ്രവര്‍ത്തകരായ ഗോപാല്‍ മേനോന്‍, മീരാ വേലായുധന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഗുരുതരമായ മനുഷ്യാവകാശലംഘനം നേരിടുന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിത കമീഷനും അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട നിവേദനം കമീഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വനിത കമീഷനും മനുഷ്യാവകാശ കമീഷനും ഹാദിയയുടെ വീട് സന്ദര്‍ശിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണം.

കേരളത്തില്‍ ലവ് ജിഹാദ് അല്ല, ജുഡീഷ്യല്‍ ഘര്‍വാപസിയാണ് നടക്കുന്നതെന്ന് ദേവിക പറഞ്ഞു. അതാണ് ആതിര എന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായത്. എന്തുകൊണ്ട് മുസ്‌ലിം ആയവരെ കല്യാണം കഴിക്കുന്നതുമാത്രം പ്രശ്‌നമാകുന്നുവെന്ന് പരിശോധിക്കണമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ഇതരമതങ്ങളിലുള്ളവര്‍ വിവാഹം കഴിക്കുമ്പോള്‍ ഇതേരീതിയില്‍ മുദ്രകുത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാദിയയുടെ പ്രശ്‌നത്തില്‍ ടീസ്റ്റ സെറ്റല്‍വാദ് ഉള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കി ദേശീയതലത്തില്‍തന്നെ അനീതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു.