ലോകത്താദ്യമായി ബിസിനസ് ക്ലാസില്‍ ഡബിള്‍ ബെഡുമായി ഖത്വര്‍ എയര്‍വേയ്‌സ്

Posted on: September 22, 2017 9:20 pm | Last updated: September 22, 2017 at 9:20 pm

ദോഹ: ബിസിനസ് ക്ലാസില്‍ ലോകത്ത് ആദ്യമായി ഡബിള്‍ ബെഡ് സൗകര്യമൊരുക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ്. ദീര്‍ഘദൂര വിമാനങ്ങളില്‍ സുഖനിദ്ര സമ്മാനിക്കുന്നതാണ് ഇതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രൈവസി പാനല്‍ നീക്കി സ്വന്തം നിലക്ക് ഡബിള്‍ ബെഡ് ഒരുക്കാന്‍ സാധിക്കും. ലണ്ടനില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിലാണ് സൗകര്യം. ഒരുമിച്ച് യാത്ര ചെയ്യുന്ന നാല് പേര്‍ക്ക് സീറ്റുകള്‍ സ്യൂട്ട് ആക്കാന്‍ സാധിക്കുന്ന ‘ക്യുസ്യൂട്ട്’ സംവിധാനം ലണ്ടന്‍ ഹീത്രുവില്‍ നിന്നുള്ള ബോയിംഗ് 777 പ്രതിദിന വിമാനത്തില്‍ ലഭിക്കും. ആഡംബരത്തിന്റെ പുതിയ തലമാണ് ഇത് നല്‍കുന്നത്.

ബിസിനസ് ക്ലാസിലെ ഫസ്റ്റ് ക്ലാസാണ് ക്യുസ്യൂട്ട് കാബിനുകളെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് (യൂറോപ്പ്) ജോനാഥന്‍ ഹാര്‍ഡിംഗ് പറഞ്ഞു. വിമാനയാത്രാനുഭവത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന പുതിയ ബ്രാന്‍ഡ് ഉത്പന്നമാണ് ക്യു സ്യൂട്ട്.

ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, കമ്പനി പ്രൊഫഷനലുകള്‍ തുടങ്ങിയവര്‍ക്ക് സ്വകാര്യത പ്രദാനം ചെയ്യുന്ന സൗകര്യപ്രദമായ കാബിനാണിത്.