ആരുടെ ഭൂമിയും കയ്യേറിയിട്ടില്ല; തെളിയിച്ചാല്‍ രാജിവെക്കുമെന്ന് തോമസ് ചാണ്ടി

Posted on: September 22, 2017 8:08 pm | Last updated: September 23, 2017 at 6:56 pm

ആലപ്പുഴ ;കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, ആരുടെ ഭൂമിയും കയ്യേറിയിട്ടില്ലെന്നും കയ്യേറ്റം തെളിയിച്ചാല്‍ രാജിവയ്ക്കുമെന്നും മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോഴത്തെ അവസ്ഥയില്‍ സ്വയം രാജിവയ്ക്കില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഒരുക്കമാണ്. അതേസമയം, ഭൂവിഷയങ്ങളില്‍ ആലപ്പുഴ മുനിസിപ്പാലിറ്റ് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കയ്യേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ല. നിയമസഭാ സമിതിയോ വിജിലന്‍സോ കയ്യേറ്റം അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.

നേരത്തെ, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.