ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരു കോടി രൂപ പാരിതോഷികം

Posted on: September 22, 2017 7:46 pm | Last updated: September 23, 2017 at 11:18 am

ന്യൂഡല്‍ഹി: ബിനാമി സ്വത്തിടപാടുകള്‍ സംബന്ധിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നു. പദ്ധതി അടുത്ത മാസം ഔദ്യോഗികമായി പ്രഖ്യാപിക്കും. വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ബിനാമി സ്വത്തുക്കളെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്ന വ്യവസ്ഥ മാത്രമേ പണം ലഭിക്കുന്നതിനുള്ളൂ. നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ഇത്തരത്തില്‍ പ്രതിഫലം നല്‍കുന്ന രീതി നികുതി വകുപ്പ് മുമ്പും സ്വീകരിച്ചിട്ടുണ്ട്. ബിനാമികളെ കണ്ടെത്തുകയെന്നത് നികുതി വകുപ്പിനെ സംബന്ധിച്ച് കീറാമുട്ടിയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് നികുതി വകുപ്പ് ബിനാമികള്‍ക്കായി വലവീശുന്നത്.

വിവരം നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ പ്രതിഫലം നല്‍കിയാല്‍ തങ്ങള്‍ക്ക് ജോലി എളുപ്പമാകുമെന്ന് നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി പ്രാബല്യത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.