Ongoing News
ഐഎസ്എല്‍ നാലാം സീസണിന് നവംബര്‍ 17ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത ഉദ്ഘാടന മത്സരം

മുംബൈ: ഫുട്‌ബോള്‍ ആരാധകര്‍ ആവേശം പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന്റെ ഫിക്ചര്‍ പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഏറ്റുമുട്ടിയ കേരള ബ്ലാസ്റ്റേഴ്‌സും അമര്‍തൊമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത സാല്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് കളി.
ഇത്തവണ പത്ത് ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി കളത്തിലിറങ്ങുക. ആദ്യ മൂന്ന് സീസണുകളില്‍ എട്ട് ടീമുകളായിരുന്നു കളിച്ചിരുന്നത്. ബെംഗളൂരു എഫ് സി, ജംഷഡ്പൂര്‍ എഫ് സി ടീമുകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
ആകെ 95 മത്സരങ്ങള്‍. പത്ത് ടീമുകളും ഹോം- എവേ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും. മാര്‍ച്ചില്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.
നവംബര്‍ 24നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. പുതുമുഖ ടീമായ ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ഡിസംബര്‍ മൂന്നിന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ബ്ലാസ്‌സ്റ്റേഴ്‌സ് മുംബൈ എഫ്‌സിയെ നേരിടും. ഈ മത്സരത്തിനും കൊച്ചി വേദിയാകും.