ട്രംപിന്റെ ആക്രോശങ്ങള്‍ പട്ടി കുരയ്ക്കുന്നതിന് തുല്ല്യം: ഉത്തര കൊറിയ

Posted on: September 21, 2017 11:42 am | Last updated: September 21, 2017 at 1:51 pm

സിയോള്‍: ഉത്തര കൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഉത്തര കൊറിയ. ട്രംപിന്റെ ആക്രോശങ്ങളെ പട്ടി കുരയ്ക്കുന്നതിന് തുല്ല്യമായാണ് കാണുന്നതെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോയ് പറഞ്ഞു. കിംഗ് ജോംഗ് ഉന്നിനെ റോക്കറ്റ് മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച് ട്രംപിനോട് സഹതാപം മാത്രമേയുള്ളൂ. ഭീഷണിയെ കാര്യമായി കാണുനനില്ല. യുഎന്‍ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയേയോ സഖ്യരാജ്യങ്ങളേയോ സൈനികമായി നേരിടുകയാണെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് യു എന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്. നേരത്തെ അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിച്ച ഉത്തര കൊറിയ അമേരിക്കയെ ചാരമാക്കുമെന്നതടക്കമുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയും പൗരന്മാര്‍ക്കുള്ള വിസ നിഷേധിച്ചുമായിരുന്നു ഉപരോധം. യു എന്നിലെ ഉപരോധം ഉത്തര കൊറിയയെ സാമ്പത്തികമായി തളര്‍ത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.