Connect with us

Kerala

ഖത്വറില്‍ നിന്ന് 20 കോടി രൂപ തട്ടി മുങ്ങിയയാള്‍ പിടിയില്‍

Published

|

Last Updated

പട്ടാമ്പി: ഖത്വറില്‍ നിന്ന് 20 കോടി രൂപ തട്ടി മുങ്ങിയ യുവാവ് പിടിയില്‍. ബിസിനസ് ആവശ്യാര്‍ഥമെന്ന് പറഞ്ഞ് ഗള്‍ഫിലും നാട്ടിലുമുള്ള നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ തൃത്താല കുമരനെല്ലൂര്‍ തൊഴാമ്പുറത്ത് സനൂപിനെ (30) യാണ് പട്ടാമ്പി പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് മഹീന്ദ്ര സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജരായിരുന്ന സനൂപ് മൂന്ന് വര്‍ഷം മുമ്പാണ്് ഖത്വറിലേക്ക് പോയത്. ഇവിടെ ജോലി ചെയ്യുന്നതിനിടെ നിര്‍മാണ സാമഗ്രികള്‍ കയറ്റി അയക്കാന്‍ തുടങ്ങി. ഇതില്‍ നിന്ന് കിട്ടുന്ന ലാഭ വിഹിതം നല്‍കുമെന്ന് പറഞ്ഞാണ് സനൂപ് പലരില്‍ നിന്നായി പണം കൈപ്പറ്റിയത്.

ആദ്യമൊക്കെ കാര്യങ്ങള്‍ സുഖമായി നടന്നെങ്കിലും ഖത്വര്‍ പ്രതിസന്ധി വന്നതോടെ സനൂപിന്റെ ബിസിനസ്് തകര്‍ന്നു. ഇതോടെ മുത്തശ്ശിക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് കഴിഞ്ഞ ആഗസ്റ്റ് 23 ന് സനൂപ് നാട്ടിലെത്തി. തുടര്‍ന്ന് കുടുംബസമേതം വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ട്രിച്ചി, മധുര, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിച്ച് താമസിച്ച സനൂപ് സ്വന്തം മൊബൈലും ഫേസ് ബുക്ക് അക്കൗണ്ടും മറ്റും തന്ത്രപരമായി വിച്ഛേദിച്ചിരുന്നു. എന്നാല്‍ സനൂപിന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി വെച്ച് സൈബര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സനൂപ് ട്രിച്ചിയില്‍ ഉണ്ടെന്നറിഞ്ഞു. ഇതേ തുടര്‍ന്ന് കുടുംബ സമേതം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശ പ്രകാരം പട്ടാമ്പി സി ഐ. പി വി രമേഷ്, പോലീസുകാരായ ബിജു, ഗിരീഷ്, സനല്‍, പ്രകാശന്‍, ഷെമീര്‍, സൈബര്‍ സെല്‍ പോലീസുകാരനായ വിനീത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സനൂപിനെ കോടതി റിമാന്‍ഡ് ചെയ്തു.
രണ്ടര കോടി രൂപ നല്‍കി കബളിപ്പിക്കപ്പെട്ട ചങ്ങരം കുളം സ്വദേശിയാണ് ആദ്യം പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് നാല് പേര്‍ ഇതേ രീതിയില്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയതായും ഏഴോളം പേര്‍ ഗള്‍ഫില്‍ നിന്ന് തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പട്ടാമ്പി പോലീസ് പറഞ്ഞു. വടകര, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടവരില്‍ അധികവും. പ്രതി പിടിയിലായ സാഹചര്യത്തില്‍ പരാതിയുമായി ഇനിയും പലരും വരാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

---- facebook comment plugin here -----

Latest