Connect with us

Kerala

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണം

Published

|

Last Updated

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക- അനധ്യാപക നിയമനത്തില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
പുതുതായി മൂന്ന് ഐ ടി ഐകള്‍ ആരംഭിക്കും. കാസര്‍കോട് ജില്ലയിലെ കോടോം- ബേളൂര്‍, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിലാണ് പുതിയ ഐ ടി ഐ ആരംഭിക്കുക. കൃഷി വകുപ്പിന് കീഴിലെ ഓയില്‍പാം ഇന്ത്യ ലിമിറ്റഡിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും. പൊതുമരാമത്ത് വകുപ്പില്‍ 2014 ജൂലൈ ഒന്നിന് സര്‍വീസിലുണ്ടായിരുന്ന 80 എസ് എല്‍ ആര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും. കയര്‍ മേഖലയുടെ ആധുനികവത്കരണത്തിനും വികസനത്തിനും നാഷനല്‍ കോഓപറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.

ഏഴ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ ഭരണാനുമതി നല്‍കും. അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കൈപ്പമംഗലം (തൃശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുക.

 

Latest