മരവിപ്പിക്കലിനുകാരണം കെടുകാര്യസ്ഥത നോര്‍ക്ക റൂട്‌സ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകും: ഒ വി മുസ്തഫ

Posted on: September 20, 2017 6:21 pm | Last updated: September 20, 2017 at 6:21 pm
നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ സിറാജ് മജ്‌ലിസില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

ദുബൈ: നോര്‍ക്ക റൂട്ട്‌സിനെ മരവിപ്പിച്ച കേന്ദ്ര നടപടിയില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ഡയറക്ടര്‍ ഒ വി മുസ്തഫ. നോര്‍ക്ക റൂട്‌സ് എന്ന കമ്പനിയെയാണ് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്, ഇത് നോര്‍ക്കയുടെ സഹ സ്ഥാപനമാണ്, അല്ലാതെ നോര്‍ക്കയെ അല്ല. ഇത് സാങ്കേതികമാണ്, അടുത്ത രണ്ടാഴ്ചക്കകം ഇതിന് പരിഹാരമുണ്ടാകും. കഴിഞ്ഞ കാലങ്ങളില്‍ നോര്‍ക്കയുടെ കൈകാര്യങ്ങളിലുണ്ടായ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്കെത്തിച്ചത്. റൂട്ട്‌സില്‍ ഇത്രയും കാലം പല കാര്യങ്ങളും കുത്തഴിഞ്ഞ നിലയിലായിരുന്നു. ഇതിന് പരിഹാരം കണ്ടുവരികയാണ്. സിറാജ് ദിനപത്രത്തിന്റെ അതിഥി പരിപാടിയായ മജ്ലിസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നോര്‍ക്ക സംരംഭങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്‌സിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് വേണ്ടപോലെ ഇതുവരെ എത്തിയിട്ടില്ല. ഇതിന് ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്.
പ്രവാസികളുടെ പുനരധിവാസ പ്രക്രിയ പോലെ, പ്രവാസി വായ്പയുടെ കാര്യത്തിലും ആവശ്യമായ നടപടി നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന് കീഴിലെ കേരള ബേങ്ക് യാഥാര്‍ഥ്യമാകുന്നതോടെ പ്രവാസി വായ്പ കൂടുതല്‍ സുതാര്യവും എളുപ്പത്തിലുമാക്കും.

നോര്‍ക്ക സംരംഭങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ മുന്നിട്ടിറങ്ങണം. പദ്ധതികളുടെ ഉപയോക്താക്കളാകുന്നതിന് പ്രവാസി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന പ്രധാന കടമ പ്രവാസി സംഘടനകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി നിലവിലുള്ള സാന്ത്വനം പദ്ധതി പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉപയോഗപ്രദമായ മികച്ച ഒരു പദ്ധതിയാണ്. ഇതനുസരിച്ച് ഒരു പ്രവാസി മരണപ്പെട്ടാല്‍ ഒരുലക്ഷം രൂപവരെ ലഭിക്കും. ഇത് കൂടാതെ ചികിത്സാ സഹായമായി അന്‍പതിനായിരം രൂപയും, നിര്‍ധനരായ പ്രവാസി കുടുംബങ്ങളിലെ കുട്ടികളുടെ വിവാഹത്തിന്15,000 രൂപയും ലഭ്യമാകും. രണ്ടു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശങ്ങളില്‍ ജോലിചെയ്ത പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. കാരുണ്യം പദ്ധതിയിലൂടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനായി അമ്പതിനായിരം രൂപവരെ ലഭ്യമാണ് വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്ന പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് ഇപ്പോള്‍ നിലവില്‍ 3 സെന്ററുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് ഇവ. പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും സമയബന്ധിതമായി നല്‍കുന്നതിന് വേണ്ടിയാണ് പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഈ അര്‍ഥത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ പ്രവാസി മലയാളികളും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നേടിയെടുക്കുന്നതിന് ശ്രമിക്കേണ്ടതാണ്. ഇതിന്റെ വിശദാംശങ്ങളും മറ്റും നോര്‍ക്ക വെബ്സൈറ്റില്‍ ലഭ്യമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ കണക്കെടുക്കുന്നതിനുവേണ്ടി ഒരു പ്രവാസി ഡാറ്റാ ബേങ്കിന്റെ പ്രവര്‍ത്തനത്തിലാണ് നോര്‍ക്കയിപ്പോള്‍. ഇക്കാര്യത്തില്‍ ആവശ്യമായ ഒട്ടേറെ സഹായങ്ങള്‍ നല്‍കുന്നതിനും ഇത് ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനും പ്രവാസി സംഘടനകള്‍ക്ക് കഴിയും. നമ്മുടെ ഭാഷയും സംസ്‌കാരവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള മലയാളം മിഷന്‍ പദ്ധതി പ്രകാരം ഓണ്‍ലൈനിലൂടെ മലയാളം പഠിപ്പിക്കുന്ന പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്. പ്രവാസികള്‍ക്ക് അര്‍ഹമായ ആനുകൂല്യം എത്തിക്കുന്നതിന് വേണ്ടി മുന്‍കൈയെടുക്കുന്ന പ്രവാസി സംഘടനകള്‍ നോര്‍ക്കാ റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ തയ്യാറാകുകയും, പ്രവാസികാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള അംഗീകാരം നേടുകയും ചെയ്യണം. കുത്തഴിഞ്ഞ പ്രവാസി റൂട്‌സിനെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡെന്ന് ഒ വി മുസ്തഫ വ്യക്തമാക്കി. മജ്‌ലിസില്‍ അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ് സ്വാഗതം പറഞ്ഞു.