Connect with us

Ongoing News

നാലടിച്ച് മെസി; ആറാടി ബാഴ്‌സലോണ

Published

|

Last Updated

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസി നാല് ഗോളുകളുമായി നിറഞ്ഞാടിയപ്പോള്‍ ലാലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഐബറിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. സ്വന്തം തട്ടകമായ നൗകൗമ്പില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കിയായിരുന്നു ബാഴ്‌സയുടെ കുതിപ്പ്.

20ാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച മെസിയാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നീട് 59, 62, 87 മിനുട്ടുകളിലും താരം ഗോള്‍ കണ്ടെത്തി. 38ാം മിനുട്ടില്‍ പൗളിഞ്ഞോയും 53ാം മിനുട്ടില്‍ ഡെനിസ് സുവാരസും പട്ടിക പൂര്‍ത്തിയാക്കി. 57ാം മിനുട്ടില്‍ സെര്‍ജി എന്റിചിന്റെ വകയായിരുന്നു ഐബറിന്റെ ആശ്വസ ഗോള്‍. ലാലിഗയില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം ഇതോടെ ഒമ്പതായി. നൗകൗമ്പില്‍ 301 ഗോളുകളും മെസി കുറിച്ചു.

മറ്റൊരു മത്സരത്തില്‍ വലന്‍സിയ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മലാഗയെ തകര്‍ത്തു. സിമിയോണി സാസയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് വലന്‍സിയയുടെ ജയം. സാന്റി മിന, റോഡ്രിഗോ എന്നിവര്‍ ശേഷിക്കുന്ന ഗോളുകള്‍ക്ക് ഉടമകളായി.
അഞ്ച് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ബാഴ്‌സ 15 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. പത്ത് പോയിന്റുള്ള സെവിയ്യ രണ്ടാമതും ഒമ്പത് പോയിന്റുമായി വലന്‍സിയ മൂന്നാമതുമുണ്ട്. നാല് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്ത്.