Connect with us

Editorial

കനിവോടെ കാലവര്‍ഷം

Published

|

Last Updated

മനംനിറച്ച് തിമിര്‍ത്ത് പെയ്യുന്ന മഴ. മനം മടുപ്പിക്കുന്ന മഴക്കെടുതിയുടെ ദുരിതം മറുവശത്തും. വേനലില്‍ വെള്ളത്തിനായി നെട്ടോട്ടമോടുന്ന നമുക്ക്, ഈ തോരാ മഴ നാളെയിലേക്കുള്ള പ്രതീക്ഷയാണ്. മഴയെ കരുതിവെക്കണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളെ ഇനിയും വേണ്ടവിധം ചെവികൊണ്ടില്ലെങ്കിലും മഴ നല്‍കുന്ന ആശ്വാസം ചില്ലറയല്ല. കാരണം മുന്‍ കാലവര്‍ഷം നമ്മോട് മുഖംതിരിച്ചതിന്റെ ദുരിതം കഴിഞ്ഞ വേനല്‍ക്കാലത്ത് അനുഭവിച്ചവരാണ് മലയാളികള്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ച കടന്നുവന്നവരുടെ മുന്നില്‍ മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ എങ്ങനെ മനം നിറയാതിരിക്കും?
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും അറബിക്കടലിലെ ന്യൂനമര്‍ദപ്പാത്തിയും വടക്കോട്ടു നീങ്ങിയതോടെ മൂന്ന് ദിവസമായി പെയ്ത മഴ ദുര്‍ബലമായിട്ടുണ്ട്. എങ്കിലും വെള്ളിയാഴ്ച വരെ മഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കടുത്ത വരള്‍ച്ചക്ക് കാരണമായ 2016ലെ മഴക്കുറവിന് ഈ കാലവര്‍ഷവും സമാനമാകുമോയെന്ന ആശങ്കക്കിടെ വന്ന ശക്തമായ മഴ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മൂന്ന് ദിവസത്തെ മഴ കൊണ്ട് തന്നെ മഴക്കുറവിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലവര്‍ഷം സാധാരണ നിലയിലേക്കാകാന്‍ മൂന്ന് ദിവസത്തെ മഴ കൊണ്ട് കഴിഞ്ഞു. വരും ദിവസങ്ങളിലും ഈ മഴ തുടര്‍ന്നാല്‍ ഈ വര്‍ഷം മികച്ച കാലവര്‍ഷം തന്നെ രേഖപ്പെടുത്തും. ഒരു വര്‍ഷം കേരളത്തിനു ലഭിക്കേണ്ട കാലവര്‍ഷം 203.97 സെന്റീമീറ്ററാണ്. രണ്ടാഴ്ച കൊണ്ട് ഏതാണ്ട് 30 സെന്റീമീറ്റര്‍ മഴ കൂടി ലഭിച്ചാല്‍ ശരാശരി മഴക്കൊപ്പമെത്താം. 2007ന് ശേഷം നിള ഇത്ര മനോഹരമായി ഒഴുകുന്നത് കണ്ടിട്ടില്ല. ഇരുകരകളും തട്ടിയൊഴുകുന്ന നിളയുടെ അപൂര്‍വ കാഴ്ച കാണാന്‍ പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വന്നതും കാണാതെ പോകരുത്.
മഴ ഒന്ന് മുറുകിയാലുണ്ടാകുന്ന ദുരിതത്തിനും കുറവൊന്നുമില്ല. പാലക്കാടും വയനാടും ഇടുക്കിയിലും കോഴിക്കോടുമെല്ലാം ഉരുള്‍പൊട്ടലുണ്ടായി. വലിയ അപകടം മാറി നിന്നെന്ന് ആശ്വസിക്കുമ്പോഴും പ്രകൃതി ചൂഷണം പെട്ടെന്നുള്ള ദുരന്തങ്ങള്‍ വിളിച്ച് വരുത്തുന്നുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. കല്ലാര്‍കുട്ടി സംഭരണിയിലേക്ക് ഇതിനോട് ചേര്‍ന്നുള്ള ഒരു കട തകര്‍ന്നുവീണ സംഭവം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഈ അപകടം ക്ഷണിച്ച് വരുത്തിയതല്ലേയെന്ന് സന്ദേഹം തോന്നും. റോഡിനും സംഭരണിക്കുമിടയിലെ ചെറിയൊരു ഭാഗത്ത് ഇങ്ങനെയൊരു നിര്‍മാണം എങ്ങനെ സാധ്യമായെന്ന് പരിശോധിക്കേണ്ടതുണ്ട്.
അഞ്ച് ജീവനുകളാണ് മൂന്ന് ദിവസത്തെ മഴയില്‍ പൊലിഞ്ഞത്. മഴയില്‍ അമിതവേഗതയിലും അശ്രദ്ധയോടെയും വാഹനമോടിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതും ദുരന്തങ്ങളുടെ ആഴംകൂട്ടും. നമ്മുടെ ദുരന്തനിവാരണ അതോറിറ്റി കൂടുതല്‍ സജീവമായും ശാസ്ത്രീയമായും ഇടപെടുന്നത് അപകടങ്ങളുടെ വ്യാപ്തി കുറക്കാന്‍ സഹായിക്കുന്നുണ്ട്. മഴയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും മുന്‍കരുതലെടുക്കുന്നതിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന സേവനം വിലമതിക്കുന്നതാണ്.
മഴക്കാലത്ത് റോഡുകള്‍ തകരുന്നതും അപകടം ക്ഷണിച്ച് വരുത്തുകയാണ്. സംസ്ഥാന, ദേശീയപാതകളില്‍ പോലും വലിയ കുഴികള്‍ രൂപപ്പെട്ട് അതില്‍ വെള്ളം നിറഞ്ഞ് അപകടമുണ്ടാകുന്ന പതിവിന് ഇനിയും മാറ്റം വന്നിട്ടില്ല. പൊളിയാത്ത റോഡ് കാണാതെ ഒരു യാത്ര അസാധ്യമാണെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. മഴക്കാലത്ത് റോഡ് അറ്റകുറ്റപ്പണി നടത്തുന്നതില്‍ കാര്യമില്ല. പണം ഒഴുക്കി കളയുന്നതിന് തുല്യമാകും അത്. എന്നാല്‍, എന്ത് കൊണ്ട് ഇത്രവേഗം റോഡുകള്‍ തകരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇനിയുമായിട്ടില്ല. ധനനഷ്ടവും സമയനഷ്ടവും മാത്രമല്ല, നിരവധി മനുഷ്യജീവനുകളാണ് ഇത്തരം റോഡുകളില്‍ പൊലിയുന്നത്. ഇത് പരിഹരിച്ചേ മതിയാകൂ. ഖജനാവ് ചോര്‍ത്തുന്ന വഴി കണ്ടെത്തി അത് അടക്കണം. റോഡില്‍ പണം ഒഴുക്കുന്നത് കൊണ്ട് കാര്യമില്ല. അറ്റകുറ്റപ്പണിക്ക് പണം നല്‍കാതെ പിടിച്ചുവെക്കുന്നത് പരിഹാരവുമല്ല. മഴ കേരളത്തിലെ മാത്രം പ്രശ്‌നമല്ല. എന്നാല്‍, മഴക്കാലത്ത് റോഡ് തകരുന്നത് ഇവിടുത്തെ മാത്രം പ്രശ്‌നമായിരിക്കും. ഇതിന് ശാശ്വതമായ പരിഹാരം വേണം.
മഴക്കാലത്ത് ഇഷ്ടംപോലെ വെള്ളം ലഭിച്ചിട്ടും വേനലില്‍ വെള്ളത്തിനായി നെട്ടോട്ടമോടുന്ന പതിവും മാറണം. ഈ അവസരം അതിനായി ഉപയോഗപ്പെടുത്തണം. മഴ ഒന്ന് മാറി നില്‍ക്കുമ്പോഴേക്ക് വെള്ളമെല്ലാം നമ്മുടെ കണ്‍മുന്നിലൂടെ കടലിലേക്ക് ഒഴുകുന്നു. ഇവിടെയാണ് നമ്മുടെ കണ്ണ് തുറക്കേണ്ടത്. ദേശീയ ശരാശരിയേക്കാള്‍ 2.78 ഇരട്ടി മഴ കിട്ടിയിട്ടും കേരളം ജലപ്രതിസന്ധി നേരിടുന്നതിന്റെ കാരണത്തെക്കുറിച്ച് വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല. വനനശീകരണം, നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തല്‍, ജലമലിനീകരണം-ഇതുതന്നെ അടിസ്ഥാനകാരണം. മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനും മഴവെള്ളത്തെ മണ്ണിലാഴ്ത്തി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും ശ്രമങ്ങള്‍ വേണം. അല്ലെങ്കില്‍ ഈ മഴയും തിമിര്‍ത്ത് പെയ്ത് കടലിലേക്ക് ഒഴുകും. വേനലില്‍ വരള്‍ച്ച അനുഭവിക്കേണ്ടിയും വരും.