അഞ്ച് കോടി അറബ് കുട്ടികള്‍ക്ക് സൗജന്യ ഇലക്‌ട്രോണിക് വിദ്യാഭ്യാസം

Posted on: September 19, 2017 5:51 pm | Last updated: September 19, 2017 at 5:51 pm

ദുബൈ : അറബ് ലോകത്തെ അഞ്ചുകോടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇലക്ട്രോണിക് പഠനം ഉറപ്പുവരുത്താന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പദ്ധതി പ്രഖ്യാപിച്ചു. 5,000 വീഡിയോകള്‍ ആണ് ഇതിനായി നിര്‍മിക്കുക. 11 കോടി വാക്കുകള്‍ വിവര്‍ത്തനം ചെയ്യുന്നുമുണ്ട്. ആദ്യഘട്ടത്തില്‍ 5,000 വീഡിയോകള്‍ ഇംഗ്ലീഷിലാണ് പുറത്തിറക്കുക. ഇവ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട ഉദ്യമവും പദ്ധതിയുടെ ഭാഗമായുണ്ട്. നാല് ഘട്ടമായാണ് ഓരോന്നും ചെയ്യുക. ഒരു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കുക. മധ്യപൗരസ്ത്യ, ആഫ്രിക്കന്‍ മേഖലയിലെ അറബ് വിദ്യാലയങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. പ്രഖ്യാപനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ശൈഖ് മുഹമ്മദ് നിര്‍വഹിച്ചു. പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് നിര്‍മിക്കേണ്ടതെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു. ശാസ്ത്രം, കണക്ക് വിഷയങ്ങള്‍ എളുപ്പം പഠിക്കുന്നതിനാണ് വീഡിയോയില്‍ ഊന്നല്‍ നല്‍കുക. ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പരിഗണന വിദ്യാഭ്യാസമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ഒരു വര്‍ഷം കഴിഞ്ഞാല്‍ വീഡിയോ ഓണ്‍ലൈനില്‍ ലഭ്യമാകും. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12ാംതരം വരെയുള്ള കുട്ടികള്‍ക്ക് ഇലക്ട്രോണിക് പാഠ്യപദ്ധതിയുടെ ബാലപാഠങ്ങള്‍ വശത്താക്കാന്‍ കഴിയും. ഈ മഹത്തായ സാംസ്‌കാരിക പദ്ധതിയില്‍ ആര്‍ക്കെങ്കിലും ഭാഗഭാക്കാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവരെ സ്വാഗതംചെയ്യുന്നു. ഉന്നത നിലവാരത്തിലുള്ള പഠന സാമഗ്രികളാണ് ലഭ്യമാക്കേണ്ടത്. വിവര്‍ത്തനങ്ങളും സാധ്യമാകണം. സാംസ്‌കാരിക അഭ്യുന്നതിയുടെ അടിത്തറ വിവര്‍ത്തനത്തിലൂടെയാണ് നേടാനാവുക. വിദ്യാഭ്യാസ മേഖലയിലെ പിന്നോട്ടടി നിരാശപ്പെടുത്തുന്നതാണെങ്കിലും പ്രതീക്ഷയുടെ തിരിനാളം കാണാനാവുന്നു. വിദ്യാര്‍ഥികള്‍ക്ക് മികച്ച പാഠ്യപദ്ധതിയും സാമഗ്രികളും നല്‍കിയാല്‍ അവര്‍ മിടുക്കരാകും-ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിന്‍ റാശിദ് അറബിക് ഇ ലേണിങ് പ്രൊജക്ട് എന്നാണ് പദ്ധതി അറിയപ്പെടുക.