ഫിഫ ലോകകപ്പ്: കലൂര്‍ സ്‌റ്റേഡിയത്തിലെ വ്യാപാരികള്‍ ഒഴിയണമെന്ന് ഹൈക്കോടതി

Posted on: September 19, 2017 12:56 pm | Last updated: September 19, 2017 at 6:29 pm

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ മാസം 25ന് മുമ്പ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ഒഴിയണമെന്ന്‌ വ്യാപാരികളോട് ഹൈക്കോടതി. കട ഒഴിഞ്ഞുപോകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനായി 25 ലക്ഷം രൂപ ജിസിഡിഎ ട്രഷറിയില്‍ അടയ്ക്കണം.

നഷ്ടപരിഹാരം നിര്‍ണയിക്കാനും 75 ശതമാനം തുക ഉടന്‍ കൈമാറാനുമായി കമ്മിറ്റിയെ നിയമിച്ചു. സ്ഥാപനങ്ങള്‍ ഒഴിയാന്‍ ജിസിഡിഎ നോട്ടീസ് നല്‍കിയതിനെതിരെ വാടകക്കാരായ വി രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 46 വ്യാപാരികള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ലോകകപ്പിന് തയ്യാറെടുക്കാന്‍ രണ്ട് വര്‍ഷം സമയം ലഭിച്ചിട്ടും ഇപ്പോഴാണോ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് കൊടുത്തതെന്ന് അന്തിമ വിധിക്കിടെ ഹൈക്കോടതി ജിസിഡിഎയോട് ചോദിച്ചു.