റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതായി ആംഗ് സാന്‍ സൂകി

Posted on: September 19, 2017 9:26 am | Last updated: September 19, 2017 at 3:47 pm

യാങ്കൂണ്‍: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതായി മ്യാന്മര്‍ നേതാവ് ആംഗ് സാന്‍ സൂകി. പ്രശ്‌നത്തില്‍ രാജ്യാന്തര നിരീക്ഷണങ്ങളെ ഭയക്കുന്നില്ല. പ്രശ്‌നപരിഹാരത്തിനായി കോഫി അന്നന്‍ ശിപാര്‍ശകള്‍ നടപ്പാക്കും. റാഖൈനില്‍ നിയമവാഴ്ച ഉറപ്പാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റാഖൈനില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്തതിന്റെ കാരണം പരിശോധിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികളുടെ പരിശോധനാ പ്രക്രിയകള്‍ ഉടന്‍ തുടങ്ങും. രാജ്യത്തെ ഭൂരിഭാഗം റോഹിംഗ്യന്‍ മുസ്‌ലിം ഗ്രാമങ്ങളിലും അക്രമമില്ലെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സൂകി നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര സമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്നാണ് സൂകി നിലപാട് വ്യക്തമാക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്.
4,10,000ത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പലായനം ചെയ്യാന്‍ കാരണക്കാരായ മ്യാന്മര്‍ സൈന്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. യു എന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് ലോക രാഷ്ട്ര നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മ്യാന്മറിലെ വംശീയഹത്യ പ്രധാന വിഷയമാകുന്ന യു എന്‍ പൊതുസഭ ന്യുയോര്‍ക്കില്‍ ചേരാനിരിക്കെയാണ് മനുഷ്യാവകാശ നിരീക്ഷണ സംഘടന ഈ ആവശ്യമുന്നയിച്ചത്.
മ്യാന്മറില്‍ നിന്ന് റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നത് അടിയന്തരാവസ്ഥക്ക് കാരണമായിരിക്കുകയാണ്. പലായനം ചെയ്‌തെത്തുന്നവര്‍ക്കുള്ള അടിയന്തര സഹായങ്ങള്‍ക്ക് സന്നദ്ധ സംഘടനകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അഭയാര്‍ഥികളില്‍ പകുതിയോളം പേര്‍ കുട്ടികളാണ്.